ഏറെ ഉപയോഗിക്കപ്പെടുന്ന മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ നിന്ന് ഡിലീറ്റ് ചെയ്യുന്ന മെസേജുകള്‍ യഥാര്‍ത്ഥത്തില്‍ ഡിലീറ്റ് ആകുന്നുണ്ടോ? അല്ലെങ്കില്‍ നീക്കം ചെയ്യുമ്പോള്‍ അവ എവിടേക്കാണ് പോവുന്നത്? ശരിക്കും പറഞ്ഞാല്‍ വാട്സാപ്പിലെ ഡാറ്റ ഒന്നുംതന്നെ ഡിലീറ്റ് ആകുന്നില്ല. എല്ലാം അവിടെ തന്നെയുണ്ട്!
നീക്കം ചെയ്യുന്ന മെസേജുകള്‍, അല്ലെങ്കിൽ ചാറ്റുകള്‍ സ്ക്രീനില്‍ നിന്നും മറയുന്നു എന്നുമാത്രം. എല്ലാം ബാക്ക് എൻഡിൽ ഭദ്രമായി ശേഖരിച്ച് വയ്ക്കപ്പെടുന്നു. ഇവിടെ രഹസ്യ മെസേജുകള്‍ പരസ്യ മെസേജുകള്‍ എന്ന വേര്‍തിരിവുകള്‍ ഒന്നും ഇല്ല. എല്ലാ മെസേജുകളും ഒരിക്കലും പൂർണമായി ഡിലീറ്റാകുന്നില്ല. നീക്കം ചെയ്ത ഈ മെസേജുകളെല്ലാം വേണ്ടപ്പോൾ റീസ്റ്റോർ ചെയ്യാൻ കഴിയുമെന്ന് ടെക്ക് വിദഗ്ധനായ ജൊനാഥന് സിഡ്സിയാര്കി പറഞ്ഞു.
വാട്സാപ്പിന്റെ ഏറ്റവും പുതിയ വേർഷനില്‍ നടത്തിയ പരീക്ഷണത്തിലാണ് ഐഒഎസ് വിദഗ്ധനായ ജൊനാഥന് ഈ കണ്ടെത്തൽ നടത്തിയത്. ഇതുപ്രകാരം ബാക്ക് അപ്പ് സംവിധാനത്തിലൂടെ വാട്സാപ്പ് മെസേജുകൾ, ചാറ്റുകള്‍ എന്നിവ തിരിച്ചെടുക്കാൻ കഴിയും. നമ്മൾ ഓരോ ചാറ്റും നീക്കം ചെയ്യുന്നുണ്ടെങ്കിലും അത് മെസഞ്ചറിൽ തന്നെ ഒളിഞ്ഞിരിക്കുന്നുണ്ട്.
ഈ കണ്ടെത്തല്‍ ശരിയാണെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ ആരുടെയെങ്കിലും കയ്യില്‍ അകപ്പെട്ടാല്‍ റിക്കവറി സോഫ്റ്റ്വെയറിന്റെ സഹായത്തോടെ എല്ലാം ചോർത്താൻ കഴിയും. അതുകൊണ്ടു തന്നെ വാട്സാപ്പിൽ അടുത്തിടെ കൊണ്ടുവന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം വൻ സുരക്ഷ നൽകുമെന്ന അധികൃതരുടെ അവകാശവാദത്തിന് വലിയ മേന്മ ഒന്നും കല്പ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല.
സ്മാർട്ട്ഫോണിലും വിവിധ ക്ലൗഡുകളിലും ശേഖരിച്ചു വയ്ക്കുന്ന വാട്സാപ്പ് ഡാറ്റകള്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ചായിരുന്നു ജോനാഥൻ അന്വേഷണം നടത്തിയത്. എന്നാൽ ഡിലീറ്റ് ചെയ്ത ഡാറ്റകൾ ഒഴിവാക്കാൻ ഫോണിൽ നിന്ന് വാട്സാപ്പ് നീക്കം ചെയ്താൽ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
Post Your Comments