ഹിന്ദുത്വം നേരിടുന്ന ഭീഷണി മതംമാറ്റുന്നവരില്‍ നിന്നല്ലെന്നും, മറിച്ച്, അതിന്‍റെ സംരക്ഷകര്‍ എന്ന അവകാശവാദവുമായി നടക്കുന്ന ചിലരില്‍ നിന്നാണെന്നും ബിജെപി എംപി ഉദിത് രാജ് അഭിപ്രായപ്പെട്ടു.
ബിജെപിയുടെ ദളിത് നേതാവും കൂടിയായ ഉദിത് രാജിന്‍റെ അഭിപ്രായത്തില്‍ രാജ്യത്ത് ഹിന്ദുമതത്തിന്‍റെ നിലനില്‍പ്പ് ഭീഷണിയിലാണ്. ഇത് ദളിതരെ മറ്റു മതങ്ങളിലേക്ക് മതംമാറ്റി കൊണ്ടുപോകുന്നവരില്‍ നിന്നല്ല മറിച്ച് സംരക്ഷകര്‍ എന്ന്‍ പറഞ്ഞു നടക്കുന്നവരില്‍ നിന്നാണെന്നും ഉദിത് രാജ് പറഞ്ഞു.
“ദളിതര്‍ക്ക് മുന്‍പില്‍ അമ്പലങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ചാല്‍ അവര്‍ പള്ളികളിലേക്കും മോസ്ക്കുകളിലേക്കും പോകും. അതിന് ഞങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ല,” ഉദിത് രാജ് പറഞ്ഞു.
തമിഴ്നാട്ടിലെ നാഗപട്ടണത്തുള്ള ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ ആടിമാസം പ്രമാണിച്ചുള്ള ആചാരാനുഷ്ഠാനങ്ങള്‍ നടത്താന്‍ ദളിതര്‍ക്ക് മേല്‍ജാതിക്കാരായ ചില ഹിന്ദുക്കള്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന്‍ അവര്‍ ഇസ്ലാം മതം സ്വീകരിച്ചു എന്ന വാര്‍ത്തയെ പരാമര്‍ശിച്ചെന്ന പോലെ ഉദിത് രാജ് പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടന്നാതായുള്ള വാര്‍ത്തകള്‍ നാഗപട്ടണം ജില്ലാ ഭരണകൂടം നിഷേധിച്ചിട്ടുണ്ട്.
മ്യാന്മര്‍, തായ്ലണ്ട്, ഇറാന്‍, ഫിലിപ്പീന്‍സ്, കസാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു ജനസംഖ്യയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും, ഇന്ത്യയിലും സൂക്ഷിച്ചില്ലെങ്കില്‍ ഈ അവസ്ഥാവിശേഷം തന്നെ സംജാതമാകുമെന്നും ഓള്‍-ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി/എസ്.ടിയുടെ ദേശീയ ചെയര്‍മാന്‍ കൂടിയായ ഉദിത് രാജ് മുന്നറിയിപ്പ് നല്‍കി.
ലോകത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്യുന്ന കംബോഡിയയില്‍ ഇന്ന്‍ ഒറ്റ ഹിന്ദു പോലുമില്ലെന്നും ഉദിത് രാജ് പറഞ്ഞു.
ഓള്‍-ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി/എസ്.ടിയുടെ ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉദിത് രാജ്.
Post Your Comments