ന്യൂഡല്‍ഹി: വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ അഭിമുഖീകരിച്ചിട്ടുള്ള ഏറ്റവുംവലിയ മാനുഷിക ദുരിതത്തിന്റെ ഫലമായി സൗദിയില്‍ ജോലി നഷ്ടപ്പെട്ട് ആവശ്യത്തിന് പണം കയ്യിലില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന 10,000-ത്തിലധികം ഇന്ത്യാക്കാര്‍ക്ക് സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായമെത്തുന്നു. ഇത്രയധികം ഇന്ത്യാക്കാരുടെ ദുരിതപര്‍വ്വം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ ഗവണ്മെന്റ് സൗദിയിലെ ഇന്ത്യന്‍ എംബസിയോട് ഇവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും എത്തിച്ചുകൊടുക്കാനുള്ള നിര്‍ദ്ദേശം നല്കി.
സൗദി അറേബ്യയിലുള്ള 30-ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സമൂഹത്തോടും തങ്ങളുടെ ഇന്ത്യന്‍ സഹോദരീ സഹോദരന്മാരുടെ സഹായത്തിനായി മുന്നോട്ടു വരാന്‍ ആവശ്യപ്പെട്ട വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്ത്യയുടെ ഇത്തരത്തിലുള്ള ഒത്തൊരുമയ്ക്ക് തുല്യമായി മറ്റൊന്നുമില്ലെന്നും അഭിപ്രായപ്പെട്ടു.
ജോലി നഷ്ടപ്പെട്ട് ഏതോ ക്യാമ്പില്‍ പട്ടിണിയില്‍ കഴിയുന്ന 800 ഇന്ത്യാക്കാരുടെ ദുരിതാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ട്വീറ്റ് കണ്ടതോടെയാണ് സുഷമാ സ്വരാജും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഇവര്‍ക്കുള്ള സഹായവുമായി ഉടനടി രംഗത്തെത്തിയത്. പക്ഷേ, ആദ്യം കരുതിയതുപോലെ 800 ഇന്ത്യാക്കാര്‍ മാത്രമല്ല, ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം പതിനായിരത്തിനും മുകളില്‍ വരുമെന്ന കാര്യവും തന്റെ ശ്രദ്ധയില്‍പ്പെട്ടെന്ന് അറിയിച്ച സുഷമ ഒറ്റ ഇന്ത്യാക്കാരന് പോലും പട്ടിണികിടക്കേണ്ട അവസ്ഥ ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും വ്യക്തമാക്കി.
വിദേശകാര്യത്തിന്റെ സംസ്ഥാന ചുമതലയുള്ള മന്ത്രിമാരായ ജനറല്‍ വി.കെ. സിങ്ങും, എം.ജെ. അക്ബറും സ്ഥിഗതികള്‍ നേരിട്ട് വിലയിരുത്തി, സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും, സൗദി അധികൃതരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണാനും സൗദിയിലെത്തിയിട്ടുണ്ട്.
കുവൈറ്റില്‍ ഉടലെടുത്തിരിക്കുന്ന സമാനസാഹചര്യത്തിലും ഇവര്‍ ഇടപെട്ട് പരിഹാരമാര്‍ഗ്ഗം ആരായും. ജിദ്ദയ്ക്കടുത്തുള്ള നൂറ് കണക്കിന് ഇന്ത്യാക്കാര്‍ ദുരിതമനുഭവിച്ച് കഴിയുന്ന ഒരു ഹൈവേ ക്യാമ്പിലേക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇപ്പോള്‍ത്തന്നെ യാത്ര തിരിച്ചു കഴിഞ്ഞു. ജിദ്ദയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സഹായത്തോടെ ക്യാമ്പിലുള്ളവര്‍ക്കായി 15,475-കിലോഗ്രാം ഭക്ഷണപദാര്‍ഥങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വിതരണവും ചെയ്തുകഴിഞ്ഞു.
Post Your Comments