ബംഗ്ലാദേശ് : ബ്രാഡ് പിറ്റ് നായകനായ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍ എന്ന സിനിമ പലരും ഓര്‍ക്കുന്നുണ്ടാവും. എന്നാല്‍, ഇത് യഥാര്‍ഥ ജീവിതത്തിലെ ബെഞ്ചമിന്‍ ബട്ടണാണ്. നാലാം വയസ്സില്‍ വാര്‍ധക്യം പിടിപെട്ട കുരുന്നാണ് ലോകത്തിന് മുന്നില്‍ ദയനീയ ചിത്രമായി നിലകൊള്ളുന്നത്.
തെക്കന്‍ ബംഗ്ലാദേശിലെ മഗൂറയിലാണ് ബയേസീദ് ഹുസൈന്‍ എന്ന കുരുന്ന് വിധിയുടെ ബലിമൃഗം പോലെ ജീവിക്കുന്നത്. അത്യപൂര്‍വമായ രോഗമാണ് ഈ കുരുന്നിനെ ബാധിച്ചിട്ടുള്ളത്. ശരീരമാകെ ചുക്കിച്ചുളുങ്ങി, കണ്ണുകള്‍ പിന്നോട്ടുവലിഞ്ഞ് പല്ലുകള്‍ കൊഴിഞ്ഞ് ബയേസീദ് ഇപ്പോള്‍ത്തന്നെ വാര്‍ധക്യത്തിലെത്തിക്കഴിഞ്ഞു.
ശരീരത്തിന് വാര്‍ധക്യം ബാധിച്ചുവെങ്കിലും ബയെസീദിന്റെ മനസ്സ് നാലുവയസ്സുകാരന്റേതാണ്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനടക്കാന്‍ ആഗ്രഹിക്കുന്ന ബാല്യം. എന്നാല്‍, കുട്ടികള്‍ പോയിട്ട് മുതിര്‍ന്നവര്‍ പോലും ഈ കുരുന്നിനരികെ വരാന്‍ ഭയക്കുന്നു. തന്റെ സമപ്രായക്കാരേക്കാള്‍ ബുദ്ധിശേഷിയുള്ള കുട്ടിയാണ് ബയേസീദ്.
പ്രൊഗേറിയ എന്ന ശാരീരികാവസ്ഥയാണ് ബയേസീദിന്. ഉള്ളതിനെക്കാള്‍ എട്ടുമടങ്ങ് പ്രായക്കൂടുതലായിരിക്കും ഇത്തരം അവസ്ഥ ബാധിച്ചിട്ടുള്ളവരുടെ ശരീരത്തില്‍ പ്രതിഫലിക്കുക. പ്രൊഗേറിയ ബാധിച്ച കുട്ടികള്‍ ശരാശരി 13 വയസ്സുവരെ മാത്രമേ ജീവിച്ചിരിക്കാറുള്ളൂ. ഹൃദ്രോഗബാധിതരായി മരിച്ചുപോവുകയാണ് പതിവ്.
ലൊവേലു ഹുസൈന്റെയും തൃപ്തിയുടെയും മകനായി 2012ലാണ് ബയേസീദ് ജനിച്ചത്. തുടക്കത്തില്‍ നാട്ടിലെ ഡോക്ടര്‍മാര്‍ക്ക് എങ്ങനെയാണ് ചികിത്സിക്കേണ്ടത് എന്നുപോലും അറിയുമായിരുന്നില്ല. ജനിച്ചുവീണപ്പോള്‍ മകനെ നോക്കാന്‍ പോലും പേടിയായിരുന്നുവെന്ന് തൃപ്തി പറയുന്നു.
അപൂര്‍വമായ ശാരീരികാവസ്ഥയുമായി ജനിച്ച കുട്ടി നാട്ടുകാര്‍ക്ക് തുടക്കത്തില്‍ ഒരു കൗതുകമായിരുന്നു. എന്നാല്‍ അവന്‍ വളരാന്‍ തുടങ്ങിയതോടെ അവര്‍ക്ക് ഭയമായി മാറി. ഇത്തരമൊരു ശാരീരികാവസ്ഥയില്‍നിന്ന് മകനെ രക്ഷിക്കാന്‍ ആരുടെ ഭാഗത്തുനിന്നും ഒരു പിന്തുണയും ലഭിച്ചില്ലെന്ന് തൃപ്തി പറയുന്നു.
രക്തബന്ധമുള്ള ലൊവേലുവും തൃപ്തിയും വിവാഹിതരായതുകൊണ്ടാണ് കുട്ടി ഇങ്ങനെയയിപ്പോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വളരെ ചെറുപ്പത്തിലേ വിവാഹിതരായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. 13ാം വയസ്സിലായിരുന്നു ലൊവേലുവിന്റെയും തൃപ്തിയുടെയും വിവാഹം.
Post Your Comments