നീലം വാലി ● അടുത്തിടെ നടന്ന തെരെഞ്ഞെടുപ്പിനെതിരെ പാക് അധീന കാശ്മീരിലെ നീലം വാലിയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
ജൂലൈ 21 ന് നടന്ന തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) പാര്‍ട്ടിയാണ് വിജയിച്ചത്. 41 ല്‍ 31 സീറ്റുകള്‍ നേടിയായിരുന്നു പി.എം.എല്‍-എന്നിന്റെ വിജയം. പാകിസ്ഥാന്‍ പീപിള്‍സ് പാര്‍ട്ടിയും, മുസ്ലിം കോണ്‍ഫറണ്‍സും മൂന്ന് സീറ്റുകള്‍ വീതവും നേടിയിരുന്നു.
തെരുവിലിറങ്ങിയ ജനങ്ങൾ പാകിസ്ഥാന്‍ പതാക കത്തിക്കുകയും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ശക്തമായാണ് നേരിട്ടത്. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിച്ചതിന് പുറമേ, പ്രതിഷേധക്കാര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ടു കത്തിക്കുകയും, ഗതാഗതം തടയുകയും ചെയ്തു. പോലീസുകാരെ കൈയ്യേറ്റം ചെയ്യുന്ന സംഭവവുമുണ്ടായി.
മുസഫറാബാദില്‍ മുസ്ലിം കോണ്‍ഫറന്‍സ് പ്രവര്‍ത്തകനെ പി.എം.എല്‍-എന്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രധാന പാക് അധീന കാശ്മീരിലെ പട്ടണങ്ങളായ മുസഫറാബാദ്, കോട്ലി, ചിനാരി, മിര്‍പൂര്‍ എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
തിരഞ്ഞെടുപ്പു നടത്തിയത് നിഷ്പക്ഷമായല്ല എന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. പാകിസ്ഥാനില്‍ ഏത് പാര്‍ട്ടിയാണോ ഭരിക്കുന്നത് അവര്‍ക്ക് അനുകൂലമായിരിക്കും തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കപ്പെടുക എന്നാണ് ആരോപണം.
Post Your Comments