കൊച്ചി: ആയുര്‍വേദ മരുന്നുകമ്പനിക്കും, കോഴി ഇറക്കുമതിക്കും നികുതി ഇളവ് നൽകിയതിൽ ഖജനാവിന് 150 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയിൽ മുൻ മന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സിന്‍റെ ത്വരിതപരിശോധനയ്ക്ക് ഉത്തരവ്. ഈ രണ്ട് സംരഭത്തിനും നല്‍കിയ നികുതി ഇളവിൽ ക്രമക്കേടുകാട്ടിയെന്നാണ് ആരോപണം.
എറണാകുളം വിജിലൻസ് ഇതുസംബന്ധിച്ച കേസില്‍ അന്വേഷണം ആരംഭിച്ചു. തോംസണ്‍ ഗ്രൂപ്പിനാണ് കോഴി ഇറക്കുമതിയിലെ നികുതിയിളവിന്‍റെ ആനുകൂല്യം ലഭിച്ചത്. ബാർ കോഴ ഉൾപ്പെടെയുള്ള ഷയങ്ങളിൽ ആരോപണവിധേയനായി അഴിമതിക്കാരന്‍ എന്ന കറപുരണ്ടിരിക്കവെ അഴിമതി നടത്തിയതയുള്ള പുതിയ പരാതിയില്‍ വിജിലൻസ് അന്വേഷണം ആരംഭിച്ചത് മാണിക്ക് മറ്റൊരു പ്രഹരമായി.
മാണി ധനവകുപ്പ് കൈകാര്യം ചെയ്തിരുന്ന 2013-ലാണ് സംഭവം നടന്നത്. ബാർ കോഴക്കേസ് ഉണ്ടായ അതേ കാലയളവിൽ തന്നെയാണ് ഈ അഴിമതിയും അരങ്ങേറിയത്. ബാർകോഴ കേസിലേതിന് സമാനമായ ഗൂഡാലോചന ഇവിടെയും നടന്നതായി ആരോപണം ഉണ്ട്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി, പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിനു ശേഷം മാണിയുടെ മൊഴിയും രേഖപ്പെടുത്തും. ഇതിനു ശേഷമായിരിക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടിയെന്നും വിജിലൻസ് വ്യക്തമാക്കി.
കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) നേതാവ് അഡ്വ. നോബിൾ മാത്യു കോട്ടയം വിജിലൻസ് കോടതിയിൽ നേരത്തെ നല്‍കിയ പരാതിയിന്മേല്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മാണിയുള്‍പ്പെടെ 11-പേരാണ് എതിര്‍കക്ഷികള്‍. ആയുർവേദരംഗത്തെ മുന്‍നിരക്കാരായ ശ്രീധരീയത്തിനും പ്രമുഖ ബ്രോയിലർ ചിക്കൻ ഡീലർമാരായ തോംസൺ ഗ്രൂപ്പിനും നികുതിയിളവു നൽകിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് നോബിള്‍ മാത്യുവിന്‍റെ പരാതി.
എന്നാൽ ഈ പരാതി നിലനിൽക്കുന്നതല്ലെന്നും ഇത് പരിഗണിക്കാൻ വിജിലൻസ് കോടതിക്ക് അധികാരമില്ലെന്നും കാണിച്ച് കോട്ടയം വിജിലൻസ് കോടതി അന്ന്‍ കേസ് തള്ളിയിരുന്നു. ഇതിനെതിരെ നോബിൾ മാത്യു അഡ്വ. ജോർജ്ജ് സെബാസ്റ്റ്യൻ മുഖേന ഹൈക്കോടതിയെ സമീപിച്ചു.
നോബിള്‍ മാത്യുവിന്‍റെ കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കോട്ടയം വിജിലൻസ് കോടതിയുടെ അധികാര പരിധി സംബന്ധിച്ച കാര്യങ്ങൾ പുനഃ പരിശോധിക്കാൻ നിർദ്ദേശിച്ചു. നോബിൾ മാത്യുവിന്റെ പരാതി തള്ളിക്കൊണ്ടുള്ള കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവും സിംഗിൾബെഞ്ച് റദ്ദാക്കി.
Post Your Comments