വാര്‍ത്താചാനലുകളില്‍ ഇന്ന്‍ ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരം ടൈംസ് നൗവിനാണെന്നുള്ളതെന്നത് ഏവര്‍ക്കും പകല്‍പോലെ വ്യക്തമായ വസ്തുതയാണ്. ടൈംസ് നൗവിന്‍റെ ഈ ഉയര്‍ച്ചയ്ക്ക് പിന്നിലെ ഏകകാരണം സീനിയര്‍ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടെ സ്ഫോടനാത്മകമായ ശൈലിയാണ്. പല വിവാദവിഷയങ്ങളിലും എട്ടും പത്തും അതിഥികളെ വരെ അണിനിരത്തി മൊത്തത്തില്‍ ബഹളമയമായ ഒരന്തരീക്ഷത്തില്‍ അര്‍ണബ് നയിക്കുന്ന പ്രൈംടൈം ചാനല്‍ ചര്‍ച്ചകള്‍ പലപ്പോഴും ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യപ്പെടുമ്പോള്‍ ആകര്‍ഷിക്കുന്നതിനേക്കാള്‍ കാഴ്ചക്കാരെ സൃഷ്ടിക്കുന്നു.
നിക്ഷ്പക്ഷമായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും, ചര്‍ച്ചകള്‍ നയിക്കപ്പെടുന്നതും കാണാന്‍ താത്പര്യപ്പെടുന്നവര്‍ ഒരുപക്ഷേ അര്‍ണാബ് പിന്തുടരുന്ന ശൈലി ഇഷ്ടപ്പെട്ടു എന്നുവരില്ല. ഒരു വിഷയത്തില്‍ തന്‍റേതായ ഒരു ഭാഗം ആദ്യമേതന്നേ നിജപ്പെടുത്തി അതിന് എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ – മത-രാഷ്ട്രീയ-വര്‍ഗ്ഗ-വര്‍ണ്ണ – വ്യത്യാസമില്ലാതെ നിശിതമായി ചോദ്യം ചെയ്യുന്ന ശൈലിയാണ് അര്‍ണാബ് അനുവര്‍ത്തിക്കുന്നത്. മാദ്ധ്യമപ്രവര്‍ത്തനത്തിനും ടെലിവിഷന്‍ റേറ്റിംഗുകള്‍ മാത്രം ഏകമാത്രമായ അളവുകോലാകുന്ന ഇക്കാലത്ത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അര്‍ണാബിന്‍റെ ശൈലി തന്നെയാണ് മറ്റെല്ലാ മുഖ്യധാരാ ദൃശ്യമാദ്ധ്യമാവതാരകരും പിന്തുര്‍ന്നു പോരുന്നത്. കൂട്ടത്തില്‍ ഏറ്റവും സ്ഫോടനാത്മകവും, കാമ്പുള്ളതുമായ ശൈലി അര്‍ണാബിന്‍റേതായതിനാല്‍ കൂടുതല്‍ പ്രേക്ഷകപിന്തുണ അദ്ദേഹത്തിനു ലഭിക്കുന്നു എന്നുമാത്രം.
ഇപ്പോള്‍, അര്‍ണാബിനെ വിമര്‍ശിച്ചുകൊണ്ട് – അതും കടുത്ത ഭാഷയില്‍ – മുന്‍സഹപ്രവര്‍ത്തകയും, ഇപ്പോള്‍ എന്‍ഡിടിവി സീനിയര്‍ എഡിറ്ററുമായ ബര്‍ഖ ദത്ത് രംഗത്തു വന്നതാണ് നമ്മുടെ രാജ്യത്തെ മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ അന്തസ്സത്തയെത്തന്നെ ചോദ്യംചെയ്യപ്പെടുന്ന ഒരു വിഷയമായി വളര്‍ന്നിരിക്കുന്നത്. അര്‍ണാബ് പ്രവര്‍ത്തിക്കുന്ന അതേമേഖലയില്‍ തന്നെയാണ് താനും പ്രവര്‍ത്തിക്കുന്നതെന്ന ചിന്ത തന്നെ തന്‍റെ സ്വത്വത്തെ ഹനിക്കുന്നു എന്നുവരെ പറഞ്ഞുകളഞ്ഞു ബര്‍ഖ. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെത്തുടര്‍ന്ന്‍ കാശ്മീര്‍ താഴ്വരയില്‍ ഉടലെടുത്ത അശാന്തിയുടെ അന്തരീക്ഷം പാകിസ്ഥാന്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തെപ്പറ്റി അര്‍ണാബ് നയിച്ച ചര്‍ച്ചകളാണ് ബര്‍ഖയെ ചൊടിപ്പിച്ചത്. ബര്‍ഖ ഉള്‍പ്പെടെ കാശ്മീരിലെ സംഘര്‍ഷത്തിന്‍റെ അന്തരീക്ഷം ഇന്ത്യന്‍ ഗവണ്മെന്‍റിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ പാകിസ്ഥാനെ പ്രസ്തുത വിഷയത്തില്‍ സഹായിക്കുകയാണെന്ന നിലപാട് സ്വീകരിച്ച അര്‍ണാബ് ഇത്തരം മാദ്ധ്യമപ്രവര്‍ത്തകരെ വിശേഷിപ്പിച്ചത് “പ്രോ-പാക്-ഡോവ്സ് (പാക്-അനുകൂല പ്രാവുകള്‍)” എന്നാണ്.
അര്‍ണാബിന്‍റെ ഈ വിമര്‍ശനം ലക്ഷ്യത്തില്‍ തന്നെ കൊണ്ടു എന്നത് നിക്ഷ്പക്ഷ നിരീക്ഷകര്‍ക്ക് സംശയത്തിനിട നല്‍കാത്ത വിധം ഉറപ്പിച്ചു കൊണ്ട് ബര്‍ഖ വിമര്‍ശനവുമായി രംഗത്തെത്തി. ഇവര്‍ തമ്മിലുള്ള ഈ വഴക്ക് കേവലം ആശയപരം മാത്രമല്ലെന്നും കോര്‍പ്പറേറ്റ് മീഡിയാരംഗത്തെ പ്രഫഷണല്‍ അസൂയയും കുടിപ്പകയും ഇതിനു പിന്നിലുണ്ടെന്നും പിന്നണി സംസാരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
എന്‍ഡിടിവിയില്‍ 10-12 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്‍റെ ജൂനിയറായി ജോലി ചെയ്തിരുന്ന അര്‍ണാബ് ഗോസ്വാമിയെന്ന പയ്യന്‍ ഇന്ന്‍ ടൈംസ് നൗ എന്ന ചാനലിലൂടെ തന്നേക്കാള്‍ പതിന്മടങ്ങ് വളര്‍ന്ന്‍ എത്തിപ്പിടിക്കാനാവുന്നതിലും അധികം ഉയരത്തില്‍ നില്‍ക്കുന്നതിന്‍റെ അസൂയ മാത്രമാണ് ബര്‍ഖയ്ക്കെന്ന്‍ ഒരു അണിയറസംസാരമുണ്ട്. എന്‍ഡിടിവിയില്‍ താന്‍ ഒരു ജൂനിയറായി നിന്ന സമയത്ത്, ബര്‍ഖയും – സഹപ്രവര്‍ത്തകനും പലവിഷയങ്ങളിലുംബര്‍ഖയോട് ആശയപരമായി യോജിപ്പുള്ളയാളുമായ – രാജ്ദീപ് സര്‍ദേശായിയും തന്നോട് ചെയ്ത ദ്രോഹങ്ങള്‍ക്കുള്ള ചെറിയൊരു പകവീട്ടല്‍ അര്‍ണാബിന്‍റെ ഭാഗത്തുണ്ടെന്ന് മറ്റൊരു വിലയിരുത്തലുമുണ്ട്. മറ്റേത് രംഗത്തും എന്നതുപോലെ മാദ്ധ്യമരംഗത്തും ഇത്തരം പാരവയ്ക്കലുകള്‍ പതിവാണ്. അവ നടന്നുകൊള്ളട്ടെ.
പക്ഷേ, ഇവിടെ പ്രശ്നം, ബര്‍ഖ അര്‍ണാബിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒന്നുംതന്നെ കാമ്പുള്ളവയല്ല എന്നതാണ്. അര്‍ണാബിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്തുതിപാഠകന്‍ എന്ന്‍ ആരോപിക്കുന്ന ബര്‍ഖ ഗാന്ധികുടുംബവുമായുള്ള തന്‍റെ അടുത്ത ബന്ധത്തെക്കുറിച്ചും, അവര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മടിയെക്കുറിച്ചും എന്തുപറയും എന്നറിയില്ല. ഒരു മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് അവശ്യം വേണ്ടതായ വാക്-ചാതുരി കൊണ്ട് അവര്‍ ഈ ചോദ്യത്തെ മറികടന്നേക്കാം.
നീര റാഡിയ ടേപ്പുകള്‍ അടക്കമുള്ള വന്‍വിവാദവിഷയങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ബര്‍ഖയ്ക്ക് നിക്ഷ്പക്ഷ മാദ്ധ്യമ പ്രവര്‍ത്തനത്തെപ്പറ്റി അര്‍ണാബിനോട് ഒരു ചോദ്യം പോലും ചോദിക്കാനുള്ള അര്‍ഹത ഇല്ലെന്നുള്ള കാര്യം കഴിഞ്ഞകുറേക്കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയ-മാദ്ധ്യമ രംഗത്തെ ദൈനംദിന സംഭവങ്ങള്‍ പിന്തുടര്‍ന്നവര്‍ക്ക് വ്യക്തമായി അറിയാവുന്ന കാര്യമാണ്.
2009-ല്‍ 2ജി വിവാദം കൊടുമ്പിരി കൊണ്ട സാഹചര്യത്തില്‍ എ.രാജയെ ടെലികോം മന്ത്രിയായി തിരികെ കൊണ്ടുവരാന്‍ ബര്‍ഖ നടത്തിയ ഉപജാപങ്ങളുടെ ശബ്ദരേഖ അടക്കമുള്ള വാര്‍ത്തകള്‍ 2010 അവസാനത്തോടെ പുറത്തുവന്നതൊക്കെ ഇന്ത്യന്‍ മാദ്ധ്യമരംഗത്തെ കറുത്ത ഏടുകളാണ്.
മറുവശത്ത്, നാളിതുവരെ ഒരു പാര്‍ട്ടിക്ക് അനുകൂലമായി ചര്‍ച്ചകള്‍ നയിക്കുന്നു എന്ന ആരോപണം അര്‍ണാബിനെക്കുറിച്ച് ഉണ്ടായിട്ടില്ല. മോദിയുടെ സ്തുതിപാഠകന്‍ എന്നൊക്കെ വിമര്‍ശനം ഉണ്ടെങ്കിലും അര്‍ണാബ് നയിക്കുന്ന ചര്‍ച്ചകളില്‍ അതിരൂക്ഷമായ വിമര്‍ശനം പലപ്പോഴും ഏറ്റുവാങ്ങുന്നത് മോദിയുടെ പാര്‍ട്ടിയായ ബിജെപിയും അവരുടെ നയങ്ങളുമാണ്. ഗോവധ നിരോധനം അടക്കമുള്ള വിഷയങ്ങളില്‍ അര്‍ണാബ് ബിജെപിയെ ഉത്തരംമുട്ടിച്ചതൊക്കെ അന്ന് പല സെക്കുലര്‍ പക്ഷക്കാര്‍ക്കും ഏറേ ഇഷ്ടപ്പെട്ട സംഭവമായിരുന്നു.
ഇപ്പോള്‍ ജെഎന്‍യു വിവാദം, ബുര്‍ഹാന്‍ വാനി വധം ഇങ്ങനെ ചില വിഷയങ്ങളില്‍ അര്‍ണാബ് എടുത്ത നിലപാട് ബിജെപിയേയും നരേന്ദ്രമോദിയേയും സഹായിക്കുന്നതായിപ്പോയതാണ് പെട്ടെന്ന് അയാള്‍ പലര്‍ക്കും മോശക്കാരനാകാന്‍ കാരണം. നിക്ഷ്പക്ഷമായി വിലയിരുത്തലുകള്‍ നടത്തുന്നവര്‍ക്കറിയാം എതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയെ സഹായിക്കാനല്ല മറിച്ച് രാഷ്ട്രസുരക്ഷയെ മുന്‍നിര്‍ത്തിയാണ് അര്‍ണാബ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന്.
Post Your Comments