തിരുവനന്തപുരം ● സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പയ്യന്നൂരില്‍ നടത്തിയ പ്രസംഗം ഏറെ വിവാദമുയര്‍ത്തിയിരുന്നു. അതിന്റെ അലയൊലി കെട്ടടങ്ങും മുന്‍പാണ് അടുത്തവിവാദം ഏലസിന്റെ രൂപത്തില്‍ ഉയര്‍ന്നുവരുന്നത്. കോടിയേരി വിപ്ലവ പ്രസംഗം നടത്തിയത് കൈയില്‍ ഏലസ് ജപിച്ചുകെട്ടിക്കൊണ്ടായിരുന്നു എന്നായിരുന്നു ആരോപണം. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന “ചിത്രം വിചിത്രം’ പരിപാടിയുടെ അവതാരകന്‍ ഗോപീകൃഷ്ണനാണ് ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയത്. പരിപാടിയുടെ സംപ്രേക്ഷണം കഴിഞ്ഞതോടെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പിന്നെ ട്രോളുകളായി, പോസ്റ്റുകളായി ആകെ ബഹളമായി. ഒടുവില്‍ കോടിയേരി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ കൈയില്‍ ഏലസ് കെട്ടിയിട്ടുണ്ടെന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന പരാമര്‍ശം വാസ്തവവിരുദ്ധമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. താന്‍ പ്രമേഹ രോഗിയാണെന്നും ശരീരത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കാൻ ഉപയോഗിക്കുന്ന ഗ്ലൂക്കോസ് മോണിട്ടറിംഗ് ഉപകരണമാണ് അതെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ പ്രമേഹ വിദഗ്ദന്‍ ഡോ.ജ്യോതിദേവ് കേശവാണ് ഒരഴ്ച മുന്‍പ് ശരീരത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിരന്തരം പരിശോധിക്കാൻ ചിപ്പ് ഉപയോഗിക്കാൻ നിര്‍ദ്ദേശിച്ചത്. അത് ശരീരത്തോടു ഘടിപ്പിക്കാനാണ് കൈയിൽ കെട്ടിയതെന്നും കോടിയേരി വ്യക്തമാക്കി.
രണ്ടാഴ്ച കഴിയുമ്പോൾ ഇതെടുത്തുമാറ്റി രക്തസമ്മർദവും പ്രമേഹവും പരിശോധിക്കും. അതിനനുസരിച്ചാണ് തുടര്‍ചികിത്സയും ഭക്ഷണക്രമവും തീരുമാനിക്കുന്നത്. പ്രമേഹരോഗം നിർണയിക്കാൻ ഉപയോഗിക്കുന്ന ചിപ്പിനെ ഏലസ് എന്ന് പറഞ്ഞ് തന്നെ കരിവാരിത്തേക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കോടിയേരിക്ക് ഗ്ലോക്കോസ് മോണിട്ടറിംഗ് ചിപ്പ് നല്‍കിയ കാര്യം ഡോ. ജ്യോതിദേവ് കേശവും സ്ഥിരീകരിച്ചു.
Post Your Comments