ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെത്തുടര്ന്ന് കശ്മീര്‍ താഴ്വരയില് പൊട്ടിപ്പുറപ്പെട്ട കലാപാന്തരീക്ഷം ഇപ്പോഴും തുടരവേ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കര്‍മ്മനിരതരായിരിക്കുന്ന സൈന്യത്തെ നേരിടാന്‍ പുതിയ മാരകായുധവുമായി കലാപകാരികള്‍ രംഗത്ത്. സൈനികര്‍ക്കെതിരെ ആസിഡ് ബോട്ടില്‍ പ്രയോഗമാണ് ഇപ്പോള്‍ കാശ്മീരില്‍ തീവ്രവാദികളെ അനുകൂലിക്കുന്ന കലാപകാരികള്‍ നടത്തുന്നത്.
സൈന്യത്തിലെ 2200-ല്‍ അധികം ജവാന്മാര്ക്കാണ് ഈ ആസിഡ് ബോട്ടില്‍ പ്രയോഗത്തിലൂടെ ഇതുവരെ പരിക്കുകള്‍ പറ്റിയിരിക്കുന്നത്. കലാപകാരികള്‍ക്കെതിരെ സൈന്യം പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നു എന്ന് പരാതിപ്പെടുന്ന സ്വപ്രഖ്യാപിത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നമ്മുടെ സൈനികര്‍ നേരിടുന്ന ഈ ദുരിതത്തോട് പക്ഷേ പ്രതികരണങ്ങളൊന്നുമില്ല.
“സൈന്യം പെല്ലറ്റ് ഗണ്ണുകള്‍ എല്ലാസമയവും ഉപയോഗിക്കുന്നു എന്ന തെറ്റിദ്ധാരണ പരത്തുകയാണ് ചിലര്‍. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമ്പോഴും, 500-1000 ഒക്കെ വരുന്ന ജനക്കൂട്ടം ആയുധങ്ങളുമേന്തി 30-40 വരെ മാത്രം അംഗങ്ങളുള്ള സൈനികസംഘങ്ങള്ക്ക് നേരേ അക്രമാസക്തരായി പാഞ്ഞടുക്കുമ്പോഴും സ്വയരക്ഷയ്ക്ക് വേണ്ടി മാത്രമാണ് സൈനികര്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത്. ഇത്തരം ജനക്കൂട്ടങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ അവര്‍ സൈനികരെ മര്‍ദ്ദിച്ചവശരാക്കുകയും, ആയുധങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യും. സുരക്ഷാ സൈനികരും മനുഷ്യജീവികള്‍ തന്നെയാണ്. പലപ്പോഴും 14-15 മണിക്കൂറുകള്‍ വരെ ജോലിചെയ്തതിനു ശേഷവും, വിശ്രമിക്കാന്‍ പോകാതെ പൂര്‍ണ്ണമായും ജാഗരൂകരായി ഇരിക്കേണ്ട അവസ്ഥയാണ് ഓരോ സൈനികനും അഭിമുഖീകരിക്കുന്നത്,” ഒരു മുതിര്‍ന്ന സൈനികന് പറഞ്ഞു.
ബുര്‍ഹാന്‍ വധത്തിനു ശേഷം ഇന്നു വരെ സൈന്യത്തിനെതിര 600-ലധികം സംഘടിത ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ 15-ലധികം തവണ പോലീസ് സ്റ്റേഷന്, സൈനിക ക്യാമ്പ്, ബങ്കറുകള്‍ തുടങ്ങിയ സുരക്ഷാകേന്ദ്രങ്ങള്ക്ക് നേരേയായിരുന്നു ആക്രമണം.
ജനക്കൂട്ടത്തിന്റെ അക്രമണത്തില്‍ തകര്‍ന്ന പോലീസ് സ്റ്റെഷനുകള്‍ നിരവധിയാണ്. ദംഹല്‍ പോറ പോലീസ് സ്റ്റേഷന്, റെയ്ഞ്ച് ഓഫീസ്, കോര്‍ട്ട് കോംപ്ലക്സ്, നര്‍ബല്‍ പോലീസ് സ്റ്റേഷന്, അനന്ത്നാഗിലെ അച്ചബല്‍ പോലീസ് സ്റ്റേഷന്, കോക്കെര്നാഗിലെ തഹസീല്‍ ഓഫീസ്, ബ്രിജ്ബെഹറയിലെ ഗാര്‍ഡ് റൂം, ആര്‍പിഎഫ് ബാരക്ക്, കോഷിപുരയിലെ ദംഹല്‍ പോലീസ് പോസ്റ്റ്, സിആര്‍പിഎഫ്-ന്റെ ബുള്ളറ്റ്പ്രൂഫ് ബങ്കര്‍, സൊപ്പോറെ ഫ്രൂട്ട് മാര്‍ക്കറ്റ് പോലീസ് സ്റ്റേഷന് എന്നിവ ജനക്കൂട്ടം അക്രമിച്ചു തകര്‍ത്ത സുരക്ഷാകേന്ദ്രങ്ങളില്‍ ചിലവ മാത്രമാണ്.
Post Your Comments