ശ്രീനഗര്‍: കാഷ്മീര്‍ താഴ്വരയില് സംഘര്‍ഷങ്ങള്‍ക്കു വഴിയൊരുക്കിയ ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിക്കൊപ്പം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ട അവസാനത്തെ ഭീകരനെയും സൈന്യം വധിച്ചു. തീവ്രവാദത്തിന്റെ പുതിയ മുഖമായിരുന്ന ബുര്‍ഹാന്‍ വാനിയെ 2016-ല്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതാണ് താഴ്വരയില് ഏതാനും വര്‍ഷമായി തുടരുന്ന കലാപങ്ങള്‍ക്കും രൂക്ഷസംഘര്ഷത്തിനും വഴിമരുന്നിട്ടത്. ബുര്‍ഹാന്‍ വാനിക്കൊപ്പം 10 പേര് സായുധരായിനിന്ന് ആപ്പിള്‍ തോട്ടത്തില്‍ വച്ചെടുത്ത ഫോട്ടോ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
2014-ല്‍ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ബുര്‍ഹാന്‍ വാനിയുടെ സംഘത്തിലുണ്ടായിരുന്ന അവസാനത്തെ ഭീകരൻ ലത്തീഫ് ടൈഗര്‍ എന്ന ഭീകരനെയാണ് ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഉച്ചയോടെ ലത്തീഫിനെ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ഒപ്പം രണ്ടു ഭീകരരെയും സൈന്യം വധിച്ചു. താരിഖ് മൗലവി, ഷെരിഖ് അഹമ്മദ് നെന്ഗ്രൂ എന്നിവരാണ് ഇവരെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ഷോപ്പിയാനില്നിന്നുള്ളവരാണ്.
ഭീകരര്‍ ഒളിച്ചിരുന്ന വീട് സൈന്യം പൂര്‍ണമായി തകര്‍ത്തു. ബുര്‍ഹാന്‍ വാനിയെ വധിച്ചതിനു പിന്നാലെ ബാക്കിയുള്ളവരെ ഒന്നിനുപിറകെ ഒന്നായി സൈന്യം ഏറ്റുമുട്ടലുകളില്‍ വധിച്ചു. കാഷ്മീര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസറും പിഎച്ച്ഡി ബിരുദധാരിയുമായ മുഹമ്മദ് റാഫി ഭട്ടാണ് കൊല്ലപ്പെട്ട ഒരു തീവ്രവാദി. ഫോട്ടോയിലെ മറ്റൊരാളായ സദ്ദാം ഹുസൈന് പാഡര്‍ പിന്നീട് കൊല്ലപ്പെട്ടു. വാനി വധിക്കപ്പെടുന്നതിനു മുന്‍പുതന്നെ, ഫോട്ടോയില്‍ ഉണ്ടായിരുന്ന ആദില്‍ ഖാന്‍ഡെ ഷോപിയാനില്‍ കൊല്ലപ്പെട്ടു.
2015 ഒക്ടോബറില്‍ പുല്‍വാമയില്‍ അഫാഖ് ഭട്ട് കൊല്ലപ്പെട്ടു. 2016 ഏപ്രിലില്‍ നസീര്‍ പണ്ഡിറ്റ്, വസീം മല്ല എന്നിവരും കൊല്ലപ്പെട്ടു. ഒന്നര വര്‍ഷം മുന്‍പാണ് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി നേതാവായി അറിയപ്പെട്ട ഷബ്സര് ഭട്ട് പുല്‍വാമയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പിന്നാലെ സംഘാംഗമായിരുന്ന അനീസും കൊല്ലപ്പെട്ടു. വസീം ഷാ എന്ന ഭീകരനെ പുല്‍വാമയില്‍ സൈന്യം വധിച്ചു. 11 പേരില്‍ താരിഖ് പണ്ഡിറ്റ് 2016-ല്‍ കീഴടങ്ങി.
Post Your Comments