തനതുകേരള സംസകാരത്തിന്‍റെ ചരിത്രശേഷിപ്പുകള്‍ ഒരുപാടുള്ള മണ്ണാണ് തലശ്ശേരിയുടേത്. തലശ്ശേരിയുടെ കിഴക്ക്ഭാഗത്തായി കേരളത്തിന്‍റെ ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാരമ്പര്യവുമായി ഒരു ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നു – തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം. ബ്രിട്ടീഷുകാര്‍ തിരുവങ്ങാട് ക്ഷേത്രത്തെ “ബ്രാസ് പഗോഡ” എന്നു വിളിച്ചിരുന്നു. മേല്‍ക്കൂരയുടെ പിച്ചള ആവരണം കാരണമാണ് തിരുവങ്ങാട് ക്ഷേത്രത്തിന് ഈ പേരു വീണത്. 18-ആം നൂറ്റാണ്ടില്‍ ടിപ്പുവിന്‍റെ പടയോട്ടകാലത്ത് തിരുവങ്ങാട് ക്ഷേത്രത്തിനു കേടുപാടുകള്‍ വന്നിരുന്നു. അക്കാലത്ത് തലശ്ശേരിക്കോട്ടയുടെ ഒരു കാവല്‍പുരയായും ക്ഷേത്രമന്ദിരത്തെ ഉപയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യാ കമ്പനിയും, പൗരാണിക കേരളരാജാക്കന്മാരും തമ്മിലുള്ള പല ചരിത്രപ്രധാനമായ ചര്‍ച്ചകള്‍ നടന്നതും, ഉടമ്പടികള്‍ ഒപ്പുവയ്ക്കപ്പെട്ടതും തിരുവങ്ങാട് ക്ഷേത്രത്തില്‍ വച്ചായിരുന്നു എന്ന്‍ “കേരളമാഹാത്മ്യം” പോലുള്ള ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പുരാതനകേരളത്തിലെ തനതുശൈലിയില്‍ തീര്‍ത്ത വിവിധങ്ങളായ ശില്‍പ്പങ്ങളും, ചരിത്രരേഖകളും ഇപ്പോളും ഈ ക്ഷേത്രത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
ശ്രീരാമസാന്നിദ്ധ്യമുള്ള കേരളത്തിലെ അഞ്ച് പ്രമുഖ ദേവസ്ഥാനങ്ങളില്‍ ഒന്നാണ് തിരുവങ്ങാട്. നയനമനോഹരമായ ഒരു ചിറയോടു കൂടിയ തിരുവങ്ങാട് ക്ഷേത്രം 4-ഹെക്ടറോളം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന രീതിയിലാണ്. തടിയില്‍ തീര്‍ത്ത ദാരുശില്‍പ്പങ്ങളും, കളിമണ്‍ പ്രതിമകളും, തടി കൊണ്ടുള്ള ഫലകങ്ങളില്‍ കൊത്തിയ മ്യൂറല്‍ ചിത്രങ്ങളും അടക്കം കേരളീയ കലാപാരമ്പര്യത്തിന്‍റെ ഒരു വന്‍നിധിശേഖരമാണ് തിരുവങ്ങാട് ദേവന്‍റെ സന്നിധിയില്‍ ഉള്ളത്.
തിരുവങ്ങാട് ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായ ചരിത്രരേഖകളൊന്നും നിലവിലില്ല. ചരിത്രഗ്രന്ഥങ്ങളായ “കേരളോല്‍പ്പത്തി, മലബാര്‍ മാനുവല്‍” എന്നിവയില്‍ ചില പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിട്ടുണ്ട്. കേരളമാഹാത്മ്യത്തില്‍ പറയുന്നത് പരശുരാമാനാല്‍ സ്ഥാപിതമായ ക്ഷേത്രമാണ് തിരുവങ്ങാട് എന്നാണ്. ഏതായാലും, രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഒരു ചരിത്രസ്മാരകം കൂടിയാണ് ഈ ദേവാലയം. അഗസ്ത്യമുനിയുടെ ശാപമേറ്റ ശ്വേതന്‍ എന്ന അസുരന്‍ പിന്നീട് പശ്ചാത്താപവിവശനായി ശ്വേത മഹര്‍ഷി ആയി മാറിയെന്നും, ഇന്നത്തെ തിരുവങ്ങാട് ക്ഷേത്രത്തിന്‍റെ സ്ഥാനത്ത് വിഗ്രഹപ്രതിഷ്ഠ നടത്തി ക്ഷേത്രം സ്ഥാപിച്ചു എന്നും ഒരു ഐതിഹ്യം നിലവിലുണ്ട്.
Post Your Comments