NewsIndia

രാവണഹത്യക്ക് ശേഷം ശ്രീരാമന്‍ തപസ്സുചെയ്ത പുണ്യസ്ഥലത്താണ് ഈ മനോഹര ക്ഷേത്രം

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍, തുംഗനാഥ് മലനിരകളില്‍ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ശിവക്ഷേത്രം പല പ്രത്യേകതകള്‍ ഉള്ളതാണ്. പഞ്ചകേദാര ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ച് ശിവക്ഷേത്രങ്ങളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതാണ് ഈ ക്ഷേത്രം. ലോകത്ത് തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രവും തുംഗനാഥാണ്. സമുദ്രനിരപ്പില്‍ നിന്ന്‍ 3,680-മീറ്റര്‍ (12,073-അടി) ഉയരത്തിലാണ് തുഗനാഥിന്‍റെ നില്‍പ്പ്. തുംഗനാഥ് മലനിരകളുടെ ചേരുന്നിടത്താണ് മന്ദാകിനി, അളകനന്ദ നദികളുടെ താഴ്വരകള്‍. തുംഗനാഥ് മലനിരകളില്‍പ്പെട്ട ചന്ദ്രശില കൊടുമുടിയുടെ തൊട്ടുതാഴെയാണ് തുംഗനാഥ് ക്ഷേത്രം. ആയിരത്തോളം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം പഞ്ചകേദാര ക്ഷേത്രപരമ്പരയിലെ മൂന്നാമത്തെ – തൃതീയ കേദാര്‍ – ക്ഷേത്രമാണ്. ശ്രീരാമനുമായും, പാണ്ഡവരുമായും ബന്ധപ്പെട്ട ക്ഷേത്രം കൂടിയാണ് ഇത്.

ഹിന്ദു ഐതിഹ്യമനുസരിച്ച് ഭഗവാന്‍ ശിവനും, പത്നി പാര്‍വ്വതിയും ഹിമാലയത്തിലെ കൈലാസത്തിലാണ് വസിക്കുന്നത്. പാണ്ഡവരുമായി ബന്ധപ്പെട്ട പഞ്ചകേദാര ക്ഷേത്രങ്ങളുടെ ഉത്പത്തിയുമായി ബന്ധപ്പെട്ടാണ് തുംഗനാഥിന്‍റെ കഥയും പറയപ്പെടുന്നത്. സ്വന്തം ബന്ധുക്കളായ കൌരവരെ മഹാഭാരത യുദ്ധത്തില്‍ വധിച്ചതിന്‍റെ പാപഭാരം ഇല്ലാതാക്കാന്‍ ശിവപ്രീതിക്കായി ശ്രമിക്കാന്‍ വ്യാസമഹര്‍ഷി പാണ്ഡവരെ ഉപദേശിച്ചു. ഇതനുസരിച്ച് ശിവഭഗവാനെത്തേടി പാണ്ഡവര്‍ യാത്രയായി. കൌരവ വധത്തിനു ശേഷം പാണ്ഡവരോട് നീരസത്തിലായിരുന്ന ശിവന്‍ കാളയുടെ വേഷം പൂണ്ട് പാതാളത്തിലെ രഹസ്യസങ്കേതമായ ഗുപ്തകാശിയില്‍ പോയി വാസമാക്കി.

പക്ഷേ ശിവനെ പിന്തുടര്‍ന്ന പാണ്ഡവര്‍ ഗുപ്തകാശിയിലുമെത്തി. പക്ഷേ, പാണ്ഡവര്‍ക്ക് ഭഗവാനെ അവിടെ കണ്ടെത്താനായില്ല. പിന്നീട്, ഇപ്പോള്‍ പഞ്ചകേദാര ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ ശിവഭഗവാന്‍റെ കാളരൂപത്തിന്‍റെ ശരീരഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ പാപത്തിന് പരിഹാരം കാണാന്‍ ഭഗവാന്‍ തന്നെ കാണിച്ചു തരുന്ന മാര്‍ഗ്ഗമാണിതെന്ന്‍ മനസ്സിലായ പാണ്ഡവര്‍ ഈ അഞ്ചു സ്ഥാനങ്ങളിലും ഓരോ ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചു. കാളയുടെ കരഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്താണ് തുംഗനാഥ് പണികഴിപ്പിച്ചിരിക്കുന്നത്.

രാവണഹത്യക്ക് ശേഷം ശ്രീരാമന്‍ തപസ്സനുഷ്ഠിച്ചത് ചന്ദ്രശില കൊടുമുടിയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ശിവഭക്തനായിരുന്ന രാവണന്‍ ശിവപ്രീതിക്കായി തപസ്സിരുന്നതും ചന്ദ്രശിലയിലായിരുന്നു എന്ന് കരുതപ്പെടുന്നു.

പഞ്ചകേദാര ക്ഷേത്രങ്ങളിലെ ബാക്കി ക്ഷേത്രങ്ങളെപ്പറ്റി തുടര്‍ന്നുള്ള ദിവസങ്ങളില്‍…..

shortlink

Related Articles

Post Your Comments

Related Articles


Back to top button