തിരുവനന്തപുരം : പുരുഷന്മാരെ വശീകരിച്ച് നഗ്നഫോട്ടോയെടുത്ത് ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. കൊല്ലം ഇരവിപുരം സ്വദേശിനിയായ അഞ്ജലി എന്ന പ്രിയയാണ് ഇന്നു പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആനയറ പുളുക്കല്‍ ലെയ്നില്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ അനു(26), ചെറുവയ്ക്കല്‍ കട്ടേല വള്ളിവിള വീട്ടില്‍ സാനു (19), ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി ഗാര്‍ഡന്‍സില്‍ പുതുവല്‍ വീട്ടില്‍ ഷീബ (30), കുമാരപുരം തോപ്പില്‍ നഗറില്‍ ടി.ആര്.എ 6ല്‍ ദീപ (36) എന്നിവരെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയിരുന്നു.
കൊല്ലം സ്വദേശികളായ യുവതികള്‍ ടെയിനില്‍ വെച്ചാണ് വികാസ് ഭവന് ജീവനക്കാരനെ പരിചയപ്പെട്ടത്. പരിചയത്തിന്റെ പേരില്‍ യുവതികള്‍ സുഹൃത്തിന്റെ കുമാരപുരത്തെ ഫ്ളാറ്റിലേക്ക് ക്ഷണിക്കുകയും ഇയാളെ നഗ്നനാക്കി യുവതികള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തു. അതിന് ശേഷം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത്രയും തരാനാകില്ലെന്ന് പറഞ്ഞപ്പോള്‍ ഫോട്ടോ വാട്സ് ആപ്പ് വഴിയും ഫേസ് ബുക്ക് വഴിയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് സംഘം പേഴ്സിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു. പണം നല്‍കാതെ തിരികെ പോരാന്‍ സാധിക്കില്ലെന്ന് മനസ്സിലായതോടെ സുഹൃത്തുക്കളെയും വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണം ഉടന്‍ വേണമെന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടതോടെ അവര്‍ കാരണങ്ങള്‍ തിരക്കുകയും സംഭവം പോലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
Post Your Comments