ന്യൂഡല്‍ഹി: ഡല്‍ഹി മയൂര്‍വിഹാറില്‍ മലയാളി കൊലപ്പെട്ട കേസില്‍ യുവതി അറസ്റ്റില്‍. ഡല്‍ഹി പാലം സ്വദേശിനിയായ 25 കാരിയാണ് അറസ്റ്റിലായത്. ആലുവ സ്വദേശി വിജയകുമാറിനെ ബുധനാഴ്ച്ചയാണ് മയൂര്‍വിഹാറിലെ ഫേസ് ഒന്നിലെ സമാജാര്‍ അപ്പാര്‍ട്ട്‌മെന്റിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേന്ദ്ര സര്‍വീസീല്‍ നിന്നും വിരമിച്ച വിജയകുമാര്‍ കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹിയില്‍ താമസിച്ച് വരികയായിരുന്നു. നാലു മാസം മുന്‍പാണ് സമാജാര്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയത്.
ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക് പോയ സമയത്തായിരുന്നു കൊല നടന്നത്. സമീപ പ്രദേശത്ത് തന്നെ താമസിക്കുന്ന മകള്‍ വീട്ടിലെത്തിയപ്പോഴാണ് വിജയകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീ നടന്നുനീങ്ങുന്നത് അപാര്‍ട്‌മെന്റിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. രാവിലെ 10 മണിക്ക് യുവതി ഫ്‌ളാറ്റിലേക്ക് പ്രവേശിക്കുന്നതും 12 മണിയോടെ തിരികെ പോകുന്നതുമാണ് സിസിടിവിയിലെ ദൃശ്യങ്ങള്‍. എന്നാല്‍ യുവതിയെ തിരിച്ചറിയാന്‍ വിജയകുമാറിന്റെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.
ജോലിക്കു പോയ നികുതിവകുപ്പ് ഉദ്യോഗസ്ഥയായ ഭാര്യ വസുന്ധരാദേവി പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും വയറ്റത്തും കുത്തേറ്റിരുന്നു.
Post Your Comments