NewsIndia

രാജ്യത്തെ ഹിന്ദു-മുസ്ലിം ഐക്യം അരക്കിട്ടുറപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനങ്ങള്‍ സഹായിച്ചു: സക്കീര്‍ നായിക്ക്

മുംബൈ: പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയധികം ഇസ്ലാമിക് രാജ്യങ്ങള്‍ സന്ദര്‍ശിച്ച മറ്റൊരു പ്രധാനമന്ത്രിയില്ലെന്ന് നരേന്ദ്രമോദിയെപ്പറ്റി വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്. പ്രധാനമന്ത്രിയായി രണ്ട് വര്‍ഷത്തിനകം ഒട്ടേറെ ഇസ്ലാമികരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് അവരുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു എന്ന് നായിക്ക് നിരീക്ഷിച്ചു.

രാജ്യത്തെ ഹിന്ദു-മുസ്ലിം ഐക്യം ഉറപ്പിക്കാനും പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകള്‍ സഹായിച്ചെന്നും നായിക് പറഞ്ഞു. എകണോമിക്‌സ് ടൈംസിന് സൗദിയിലെ ജിദ്ദയില്‍ വച്ച് നല്‍കിയ അഭിമുഖത്തിലാണ് സാക്കിര്‍ നായിക് പ്രധാനമന്ത്രിയെ പ്രശംസിച്ചത്.

സൗദി അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്ന്‍ പ്രധാനമന്ത്രിക്ക് ലഭിച്ച വമ്പന്‍സ്വീകരണങ്ങളെക്കുറിച്ച് നായിക്ക് ഓര്‍മ്മിപ്പിച്ചു. സൗദിയിലെ സല്‍മാന്‍ രാജാവ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി ആദരിച്ച കാര്യവും നായിക്ക് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ മതമൈത്രി സംരക്ഷിക്കുന്ന രീതിയിലാണ് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്കില്‍ താന്‍ അദ്ദേഹത്തിനായി വാദിക്കും എന്നും നായിക്ക് പറഞ്ഞു. കൂടുതല്‍ മുസ്ലിം രാഷ്ട്രങ്ങളിലെത്തിച്ചേരാന്‍ മോദിക്കാവുകയാണെങ്കില്‍ അത് രാജ്യത്തേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും നായിക് പറഞ്ഞു.

തനിക്കെതിരായ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും നായിക്ക് അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാമിക വിരുദ്ധമാണെന്നാണ് എന്‍റെ നിലപാട്. ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമായി താന്‍ എന്തെങ്കിലും ചെയ്തതായി കണ്ടെത്തിയാല്‍ എന്ത് നടപടിയും നേരിടാന്‍ തയാറാണെന്നും സാക്കിര്‍ നായിക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button