ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടെ സൈനികസാന്നിധ്യം ശക്തമാക്കി. ചൈനയില്‍നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാന്‍ കാരക്കോറം ചുരം മുതലാണ് ഇന്ത്യന്‍ സൈന്യം പടക്കോപ്പുകളും സൈനികരുടെ സാന്നിധ്യവും വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ചൈനീസ് മൂലധന നിക്ഷേപത്തെ ഇതുപ്രതികൂലമായി ബാധിക്കുമെന്നു ചൈനീസ് മാധ്യമങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതിനിടെ അതിര്‍ത്തിയില്‍ സമാധാനം കാത്തുസൂക്ഷിക്കാന്‍ പരസ്പര സമാധാന ഉടമ്പടികളെ മാനിക്കണമെന്നു ചൈസീസ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടുമുണ്ട്.
അതിര്‍ത്തിയിലെ സംതുലിതാവസ്ഥ കാത്തുസൂക്ഷിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിരവധി സുപ്രധാന കരാറുകളിലും ധാരണകളിലും എത്തിയിട്ടുണ്ടെന്നും ഇതു പാലിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു കാംഗ് പറഞ്ഞു. ലഡാക്കില്‍ ഇന്ത്യ ടി-72 ടാങ്കുകള്‍ വിന്യസിച്ചുവെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് അതിര്‍ത്തിയിലെ ആയുധവ്യൂഹത്തിലും സൈനികരുടെ എണ്ണത്തിലും ഇനിയും വര്‍ധന വരുത്താന്‍ ഇന്ത്യ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കശ്മീരിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യ-പാക് അതിര്‍ത്തികളില്‍ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments