ന്യൂഡല്‍ഹി : ഗുജറാത്തില്‍ ദലിത് യുവാക്കള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കവെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറങ്ങിയത് വിവാദമാകുന്നു. താടിക്ക് കൈ കൊടുത്ത് സുഖമായി ഉറങ്ങുന്ന രാഹുലിന്റെ വീഡിയോയാണ് പുറത്തു വന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റു എംപിമാരും വിഷയത്തില്‍ അലമുറയിട്ടു സംസാരിക്കുമ്പോഴും രാഹുല്‍ നല്ല ഉറക്കത്തിലായിരുന്നു. മറ്റു നേതാക്കള്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചപ്പോഴും രാഹുല്‍ ഒന്നും മിണ്ടാതെ കണ്ണുകളടച്ചിരുന്നു. രാഹുല്‍ ഉറങ്ങുന്ന ചിത്രങ്ങളും വിഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി എത്തി. ചര്‍ച്ചാവേളയില്‍ രാഹുല്‍ ഉറങ്ങുകയായിരുന്നില്ലെന്ന് പാര്‍ട്ടി നേതാവ് രേണുകാ ചൗധരി അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി താഴേക്ക് നോക്കി ഇരിക്കുകയായിരുന്നു, അദ്ദേഹം ഉറങ്ങുകയായിരുന്നില്ല, ഇത്രയും ബഹളത്തിനിടയില്‍ ആര്‍ക്കാണ് ഉറങ്ങാന്‍ കഴിയുക. കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി പറഞ്ഞു. അതേസമയം വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ മനസ്ഥിതിയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.
Post Your Comments