NewsIndia

പ്രക്ഷോഭകാരികളില്‍ നിന്ന്‍ രക്ഷപ്പെടുത്തിയത് ബസ്ഡ്രൈവറും സൈന്യവും: കാശ്മീരില്‍ തീര്‍ഥാടനത്തിനു പോയ തമിഴ്നാട്‌ ദമ്പതികള്‍

കാശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടനത്തിന് പോയ തമിഴ്നാട്‌ സ്വദേശികളായ ദമ്പതിമാര്‍ക്ക് പറയാനുള്ളത് താഴ്വരയിലെ കലാപകാരികളുടെ കയ്യില്‍ നിന്ന്‍ തങ്ങളുടെ ബസ് ഡ്രൈവറിന്‍റേയും സൈന്യത്തിന്‍റേയും അവസരോചിതമായ ഇടപെടല്‍കൊണ്ട് ജീവന്‍തിരിച്ചു കിട്ടിയ കഥ. ഇവര്‍ തീര്‍ഥാടനം ആരംഭിച്ചശേഷമാണ് ഇന്ത്യന്‍ സൈന്യം ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ വധിക്കുന്നതും താഴ്വരയില്‍ കലാപാന്തരീക്ഷം സംജാതമാകുന്നതും.

ബുര്‍ഹാന്‍റെ വധത്തിന്‍റെ പിറ്റേദിവസം ശ്രീനഗറില്‍ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്‍ ഡോ. ശ്രീറാമും ഭാര്യയും തങ്ങളുടെ ഗൈഡ് ഏര്‍പ്പാടാക്കിക്കൊടുത്ത ഒരു ബസില്‍ യാത്രതിരിച്ചു. തീര്‍ഥാടനത്തിലെ അടുത്ത കേന്ദ്രമായ ബല്‍താലിലേക്കാണ് ഇവര്‍ യാത്രയായത്. ശ്രീനഗറില്‍ നിന്ന്‍ 100-കിലോമീറ്റര്‍ അകലെയാണ് ബല്‍താല്‍.

ശ്രീനഗറില്‍ നിന്ന്‍ യാത്ര പുറപ്പെട്ട് 20-മിനിറ്റുകള്‍ മാത്രം കഴിഞ്ഞപ്പോള്‍, രാത്രി 8 മണിയോടെ 8-9 പേരടങ്ങുന്ന ഒരു സംഘം കലാപകാരികള്‍ മരത്തടികളും, കല്ലുകളും മറ്റും വച്ച് റോഡില്‍ തടസ്സം സൃഷ്ടിച്ച് ബസ് തടഞ്ഞു. തുടര്‍ന്ന്‍, വിവിധതരം ആയുധങ്ങളുമായി ബസിന് ചുറ്റും നിലയുറപ്പിച്ച ഇവര്‍ വെടിവയ്ക്കുമെന്ന് അടക്കമുള്ള ഭീഷണികള്‍ മുഴക്കാന്‍ തുടങ്ങി. തമിഴ്നാട്ടില്‍ നിന്നുള്ള 28 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

“നിങ്ങള്‍ മദ്രാസികളാണല്ലേ? എന്തിനാണ് നിങ്ങള്‍ ഞങ്ങളുടെ സ്ഥലത്തേക്ക് വന്നത്? ഞങ്ങളുടെ നേതാവ് കൊല്ലപ്പെട്ടപ്പോഴാണോ നിങ്ങളുടെ തീര്‍ഥാടനം? ജമ്മുവിലേക്ക് തിരിച്ചുപോകൂ”, ഹിന്ദിയിലും കാശ്മീരിയിലുമായി അവര്‍ ഭീഷണിമുഴക്കിക്കൊണ്ടിരുന്നു.

“ഞങ്ങള്‍ പ്രതീക്ഷകളെല്ലാം കൈവെടിഞ്ഞതായിരുന്നു. ഞങ്ങളുടെ ഡ്രൈവര്‍ ഒരു കാശ്മീര്‍ സ്വദേശി തന്നെയായിരുന്നു. അയാള്‍ ധൈര്യം കൈവിടാതെ കലാപകാരികളോട് സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങളെ ഉപദ്രവിക്കരുതെന്ന്‍ ഈ ഡ്രൈവര്‍ അപേക്ഷിച്ചു കൊണ്ടിരുന്നു,” ഡോ.ശ്രീറാം പറഞ്ഞു.

“പക്ഷേ അപ്പോഴേക്കും സൈന്യം സ്ഥലത്തെത്തി. കലാപകാരികള്‍ സമയം ഒട്ടും പാഴാക്കാതെ രക്ഷപെട്ടുപോയി. സൈനികര്‍ ഞങ്ങളെ റീജണല്‍ ശ്രീനഗര്‍ കണ്‍വോയ് ടെര്‍മിനസിലേക്ക് കൊണ്ടുപോയി. 500-ഓളം തീര്‍ഥാടക ബസുകള്‍ അവിടെ ഉണ്ടായിരുന്നു. അമര്‍നാഥ് യാത്രയ്ക്കെത്തിയ 50,000-ഓളം തീര്‍ഥാടകാരെ ടെര്‍മിനസില്‍ പാര്‍പ്പിച്ചിട്ടുണ്ടായിരുന്നു,” ഡോ.റാം പറഞ്ഞു.

24-മണിക്കൂര്‍ നേരം ഡോ. റാമിനും ഭാര്യയ്ക്കും അവിടെ കഴിയേണ്ടിവന്നു. വെള്ളമോ, ടോയ്‌ലറ്റ് സൗകര്യമോ ഇത്രയധികം ആളുകള്‍ക്കായി അവിടെ ലഭ്യമായിരുന്നില്ല. ഏതോ സേവാദള്‍ പ്രവര്‍ത്തകര്‍ തീര്‍ഥാടകര്‍ക്കായി ആഹാരം വിതരണം ചെയ്തു. പക്ഷേ 50,000-ആളുകള്‍ക്ക് തികയുന്ന വിധത്തില്‍ അതുണ്ടായിരുന്നില്ല എന്നും ഡോ. റാം ഓര്‍ക്കുന്നു.

“15-ഡിഗ്രിയിലും താഴെയുള്ള ഊഷ്മാവില്‍ രാത്രിമുഴുവന്‍ ഞങ്ങള്‍ ടെര്‍മിനസില്‍ കഴിച്ചുകൂട്ടി. ഓരോ പത്ത് മിനിറ്റിലും ചുറ്റുപാടു നിന്നും കാതടപ്പിക്കുന്ന വെടിയൊച്ചകള്‍ മുഴങ്ങിക്കൊണ്ടിരുന്നു. എന്തുവന്നാലും ബസില്‍ തന്നെ ഇരുന്നുകൊള്ളണമെന്ന്‍ സൈനികര്‍ ഇടയ്ക്കിടെ ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു,” ഡോ.ശ്രീറാം പറഞ്ഞു.

ഒരു രാത്രിയും പകലും മുഴുവന്‍ അവിടെ കഴിച്ചുകൂട്ടിയ ശേഷമാണ് അവര്‍ക്ക് ബല്‍താലിലേക്ക് പോകാനും തീര്‍ഥാടനം തുടരാനും പറ്റിയത്. മടക്കയാത്രയിലും ശ്രീനഗര്‍ വരെ സൈന്യം ഇവര്‍ക്ക് സുരക്ഷിതമായ പാതയൊരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button