പറച്ചിലില്‍ ജാതിക്കും മതത്തിനും എതിരാണെങ്കിലും, പ്രവര്‍ത്തിയില്‍ സിപിഎം എത്രമാത്രം ജാതിപ്രീണനം കാണിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന കുറിപ്പുമായി പ്രസശ്ത രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കര്‍. ജാതിപരിഗണനയോടു കൂടിയ രാഷ്ട്രീയത്തില്‍ സിപിഎം കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന വസ്തുതയാണ് ജയശങ്കര്‍ സ്വതസിദ്ധമായ ശൈലിയിലുള്ള തന്‍റെ കുറിപ്പിലൂടെ സ്ഥാപിക്കുന്നത്.
ജയശങ്കറിന്‍റെ കുറിപ്പ് വായിക്കാം:
ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ ശതാബ്ദി കമ്മ്യുണിസ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്)ന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിക്കാൻ പോകുന്നു. ചട്ടമ്പിസ്വാമി ജയന്തി ദിനമായ ആഗസ്ത് 24 മുതൽ അയ്യങ്കാളി ജയന്തി ദിനമായ ആഗസ്ത് 28 വരെയാണ് ആഘോഷം.
വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ ഗുരുവിനെ വെറും ഈഴവനാക്കി തരംതാഴ്ത്തുന്നതിൽ മനംനൊന്തിട്ടാണ് സി.പി.ഐ.(എം) ഈ ആഘോഷപരിപാടിയുമായി അരങ്ങത്തെത്തുന്നത്.
സി.പി.എം.നു ജാതിയില്ല മതവുമില്ല എന്ന കാര്യം ലോകപ്രസിദ്ധമാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനത്തെക്കാൾ, ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന സഹോദരൻ അയ്യപ്പന്റെ സൂക്തത്തോടാണ് പാർട്ടിക്ക് ആഭിമുഖ്യം.
മതനിരപേക്ഷ കക്ഷിയായതുകൊണ്ടാണ് അവിഭക്ത കമ്മ്യുണിസ്റ് പാർട്ടി മുസ്‌ലിം ലീഗിന്റെ പാക്കിസ്ഥാൻ വാദത്തെ പണ്ട് പിന്താങ്ങിയത്. അതേ കാരണം കൊണ്ടാണ് ഇ.എം.എസ് മലപ്പുറം ജില്ലയുണ്ടാക്കിയതും.
ജാതിയില്ലാത്തതുകൊണ്ടാണ് സഖാവ് ഇ.എം.എസ്. മരണപര്യന്തം നമ്പൂതിരിപ്പാട് എന്ന ജാതിപ്പേര് കൊണ്ടുനടന്നത് ; നാലുമക്കളെക്കൊണ്ടും സ്വജാതിയിൽ നിന്ന് (അതും ഓത്തുള്ള ഇല്ലത്തുനിന്നു മാത്രം) വേളികഴിപ്പിച്ചതും.
സഖാവ് വീണാ ജോർജ്ജിനെ ആറന്മുളയിൽ നിർത്തി ജയിപ്പിച്ചത് കത്തിച്ചാൽ കത്തുന്ന വിപ്ലവകാരി ആയതുകൊണ്ടാണ്, അല്ലാതെ ഓർത്തഡോക്സ് സഭ സെക്രട്ടറിയുടെ ഭാര്യയായതുകൊണ്ടല്ല. ഡോ.എസ്.സുജാതയെ മഹാത്‌മാ ഗാന്ധി സർവകലാശാല സിന്ഡിക്കേറ്റിൽ നിലനിർത്തിയത് ആയമ്മയ്ക്കു ആംഗല സാഹിത്യത്തിലുള്ള അഗാധ പാണ്ഡിത്യവും പുരോഗമന പ്രസ്ഥാനത്തോടുള്ള പ്രതിപത്തിയും പരിഗണിച്ചുമാത്രമാണ്. കുബുദ്ധികൾ കരുതുംപോലെ നായർ സമുദായ ഉടമസ്ഥൻ സുകുമാരൻ നായരുടെ മകളായതുകൊണ്ടല്ല.
ജാതി ചോദിക്കരുത്, ജാതി പറയരുത്; പക്ഷെ ജാതിയെ മറന്നൊന്നും ചെയ്യരുത്. നമുക്ക് ജാതിയില്ല, ഉണ്ടായിട്ടേയില്ല; ഇനി ഉണ്ടാകാനും പോകുന്നില്ല.
Post Your Comments