ന്യൂഡല്‍ഹി ● ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പാകിസ്ഥാന്‍ ഏജന്റാണെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. കേന്ദ്രവും-ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള ബന്ധം ഇന്ത്യ-പാക് ബന്ധം പോലെയാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന കെജ്‌രിവാളിന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
യാതൊരു പ്രകൊപനവുമില്ലാതെ രാജ്യ തലസ്ഥാനത്തെ പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച കെജ്‌രിവാളിനെപ്പോലെയുള്ള നേതാക്കളെ രാജ്യത്തെ ജനങ്ങള്‍ ഭയപ്പെടണമെന്നും അവര്‍ പറഞ്ഞു.
ഇന്നത്തെ പത്രങ്ങളില്‍ നിന്നാണ് കെജ്‌രിവാളിന്റെ പ്രസ്താവന താന്‍ അറിഞ്ഞത്. ഡല്‍ഹിയെ മറ്റൊരു പാകിസ്ഥാനാക്കി മാറ്റണമെന്നാണോ കെജ്‌രിവാള്‍ പറയുന്നത്? – ഹര്‍സിമ്രത് കൗര്‍ ചോദിച്ചു. ഡല്‍ഹിയേയും പിന്നീട് പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള പഞ്ചാബിനേയും കെജ്‌രിവാള്‍ പാകിസ്ഥാനാക്കി മാറ്റുമെന്ന് താന്‍ ഭയപ്പെടുന്നു. ഒരു പാകിസ്ഥാനി ഏജന്റിനെപ്പോലെയുള്ള ഈ മനുഷ്യന്‍ പഞ്ചാബിനെ പാകിസ്ഥാന് വിറ്റാലും നാം അറിയില്ല. ഇത്തരം ആള്‍ക്കാരെ നാം തീര്‍ച്ചയായും ഭയക്കണം- ഹര്‍സിമ്രത് കൗര്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിക്കാര്‍ തങ്ങളുടെ തെറ്റായ പ്രകടനപത്രിക സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ശ്രീ ഗുരുഗ്രന്ഥ സാഹിബ് ജിയുമായി താരതമ്യം ചെയ്ത് സിഖ് വികാരത്തെ വൃണപ്പെടുത്തി. കെജ്‌രിവാളിന്റെ തൊഴില്‍ ജനങ്ങളെ വിഡ്ഢികളാക്കലാണ്. ഡല്‍ഹിയിലെ ജനങ്ങളെ വിഡ്ഢികളാക്കിയത് പോലെ ഇപ്പോള്‍ പഞ്ചാബ് ജനത്തെ വിഡ്ഢികളാക്കാന്‍ നോക്കുകയാണ്. ഇതിന് തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ജനങ്ങളും ദൈവവും മറുപടി നല്‍കുമെന്നും കൗര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments