ന്യൂഡല്‍ഹി: ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍സൈന്യം വധിച്ച സംഭവം മുതലെടുത്ത് കാശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ് താഴ്വരയിലെ വിവിധ വിഘടനവാദ സംഘടനകളുടെ നേതാക്കള്‍. കാശ്മീരില്‍ ഇപ്പോഴും നടമാടുന്ന പ്രതിഷേധപ്രകടനങ്ങളുടെ പിന്നില്‍ ഈ നേതാക്കള്‍ക്കും കാര്യമായ പങ്കാണുള്ളത്. ഇതേത്തുടര്‍ന്നുണ്ടായ അക്രമപ്രവര്‍ത്തനങ്ങളില്‍ ഇതുവരെ 38 കാശ്മീരി യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 3,100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പക്ഷേ അതിശയിപ്പിക്കുന്ന ഒരുകാര്യം, ഈ അക്രമങ്ങള്‍ക്കെല്ലാം വീര്യം പകര്‍ന്നു നല്‍കുന്ന വിഘടനവാദി നേതാക്കള്‍ തങ്ങളുടെ മക്കളുടെ കാര്യങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് പാവപ്പെട്ട കാശ്മീരി യുവാക്കളെ ജീവന്‍ പണയം വച്ചുകൊണ്ടുള്ള കളിക്ക് പ്രേരിപ്പിക്കുന്നത് എന്ന വസ്തുതയാണ്.
ഈ വസ്തുത ശരിക്കും മനസ്സിലാകണമെങ്കില്‍ ജമ്മു-കാശ്മീര്‍ ഡെമോക്രാറ്റിക് ലിബറേഷന്‍ പാര്‍ട്ടി നേതാവ് ഹാഷിം ഖുറേഷിയുടെ മകന്‍ ജുനൈദ് ഖുറേഷി ഉന്നയിച്ച ഒരു ചോദ്യം മാത്രം പരിഗണിച്ചാല്‍ മതിയാകും.
“ജിഹാദ് ഇത്രയ്ക്ക് വിശുദ്ധമാണെങ്കില്‍, എന്തുകൊണ്ട് കാശ്മീരി വിഘടനവാദി നേതാക്കളും അവരുടെ മക്കളും തോക്ക് കയ്യിലെടുക്കുന്നില്ല? എന്തുകൊണ്ടാണ് അവരുടെ മക്കളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ച് സംരക്ഷിച്ചിരിക്കുന്നത്?” ഒരു സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായ ജുനൈദ് ചോദിച്ചു.
ജുനൈദ് ഉന്നയിച്ച ചോദ്യത്തിനെ ശരിയായി അവലോകനം ചെയ്‌താല്‍ മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുത കാശ്മീരി വിഘടനവാദ നേതാക്കളുടെ മക്കള്‍ തങ്ങളുടെ പിതാക്കന്മാര്‍ ആഹ്വാനം ചെയ്തതനുസരിച്ചുള്ള അക്രമങ്ങളിലൂന്നിയ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത് തങ്ങളുടെ വിദ്യാഭ്യാസത്തിനും കരിയറിനുമാണെന്നതാണ്.
ജമ്മു കാശ്മീര്‍ ഓള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാവും കടുത്ത വിഘടനവാദിയുമായ സയ്യെദ് അലി ഷാ ഗീലാനിക്ക് ഇതുവരെ തന്‍റെ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം മക്കള്‍ പങ്കെടുക്കുന്നവിധം അവരെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗീലാനിയുടെ മൂത്ത മകന്‍ നയീന്‍ ഗീലാനിയും ഭാര്യ ബജിയയും പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ഡോക്ടര്‍മാരായി ഉപജീവനം കഴിക്കുകയാണ്. ഇളയമകന്‍ ദക്ഷിണഡല്‍ഹിയില്‍ സ്ഥിരതാമസമാണ്. മകളായ ഫര്‍ഹത് ഗീലാനി സൗദിഅറേബ്യയിലെ ജിദ്ദയില്‍ അദ്ധ്യാപികയാണ്. ഹ്=ഫര്‍ഹതിന്‍റെ ഭര്‍ത്താവ് ജിദ്ദയില്‍ത്തന്നെ എന്‍ജിനീയര്‍ ആണ്. അച്ഛന്‍റെ വിഘടനവാദപാത പിന്തുടരാന്‍ മക്കള്‍ക്കാര്‍ക്കും താത്പര്യമില്ല എന്ന്‍ ചുരുക്കം. മക്കളെ അപകടത്തിലേക്ക് തള്ളിയിടാന്‍ ഗീലാനിക്കും താത്പര്യമില്ലായിരിക്കാം.
ഗീലാനിയുടെ പേരക്കുട്ടികളെല്ലാം തന്നെ മുന്തിയ ക്രിസ്ത്യന്‍ മിഷണറി സ്കൂളുകളില്‍ ആണ് പഠിക്കുന്നത്. ഗീലാനിയുടെ കസിന്‍ ഗുലാം നബി ഫാള്‍ ഇപ്പോള്‍ ലണ്ടനിലും വസിക്കുന്നു.
ഹുറിയത്ത് കോണ്‍ഫ്രന്‍സ് ഗീലാനി വിഭാഗത്തിന്‍റെ വക്താവ് അയാസ് അക്ബറിന്‍റെ മകന്‍ സര്‍വാര്‍ യാക്കൂബ് ഇപ്പോള്‍ പൂനെയില്‍ എംബിഎ പഠനത്തിലാണ്. മറ്റൊരു ഹുറിയത്ത് നേതാവ് ജെനറല്‍ മൂസ എന്നറിയപ്പെടുന്ന അബ്ദുള്‍ അസീസ് ദറന്‍റെ ഒരു മകന്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായും, മറ്റൊരു മകന്‍ മൃഗഡോക്ടറായും ജോലിനോക്കുന്നു.
ദുഖ്തരന്‍-ഇ-മില്ലത്ത് എന്ന വനിതാ വിഘടനവാദ സംഘടനയുടെ നേതാവ് ആസിയ അന്ദ്രാബി ഇന്ത്യയെ ഊണിലുംഉറക്കത്തിലും എതിര്‍ക്കുമ്പോഴും മകനെ ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ മലേഷ്യയില്‍ പഠനത്തിന് അയച്ചിരിക്കുകയാണ്. അന്ദ്രാബിയും ഭര്‍ത്താവ് ആഷിക് ഹുസൈന്‍ ഫഖ്തൂമും കാശ്മീരിലെ ജിഹാദി പോരാട്ടത്തിന്‍റെ ശക്തരായ വക്താക്കളാണ്.
അന്ദ്രാബിയുടെ മൂത്തമകന്‍ മൊഹമ്മദ് ബിന്‍ കാസിം മലേഷ്യയിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദപഠനം നടത്തുകയാണ്. ഇളയമകന്‍ കാശ്മീരില്‍ത്തന്നെ ഒരു ക്രിസ്ത്യന്‍ മിഷണറി സ്കൂളിലും പഠിക്കുന്നു. ആസിയയുടെ സഹോദരി മറിയം അന്ദ്രാബിയും മലേഷ്യയില്‍ സ്ഥിരതാമസമാണ്.
മുന്‍ ഹിസ്ബുള്‍ തീവ്രവാദിയും 2003-മുതല്‍ ഗീലാനിയുടെ അടുത്ത ശിഷ്യനുമായ മസ്രത് ആലത്തിന്‍റെ മക്കള്‍ ഡല്‍ഹിയിലെ മുന്തിയ സ്കൂളുകളിലാണ് പഠിക്കുന്നത്.
സാധാരണക്കാരായ കാശ്മീരികളെ മുതലെടുത്ത്, അവരുടെ മക്കളുടെ വിദ്യാഭ്യാസം പോലും താറുമാറാക്കി സ്ഥാപിത താത്പര്യക്കാരായ ഈ നേതാക്കന്മാര്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ ചില്ലറയൊന്നുമല്ല. ഇതിനൊക്കെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്‍റെ പേരില്‍ ഒത്താശ ചെയ്യാന്‍ പോകുന്ന കൂട്ടര്‍ ഈ നേതാക്കളുടെ തനിനിറം മനസ്സിലാക്കിയിരുന്നാല്‍ നന്ന്. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഉറങ്ങുന്നവരെയല്ലേ ഉണര്‍ത്താന്‍ കഴിയൂ, ഉറക്കം നടിക്കുന്നവരെ എങ്ങനെ ഉണര്‍ത്താന്‍……?
Post Your Comments