തിരുവനന്തപുരം : സ്ത്രീയാത്രക്കാരുടെ സുരക്ഷയും വേഗനിയന്ത്രണവും പ്രധാനമായി ലക്ഷ്യമിട്ട് സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ ഓഗസ്റ്റില്‍ ജി.പി.എസ് സംവിധാനം ആരംഭിക്കും. അടുത്തമാസം അവസാനത്തോടെ 16,000 ബസുകളില്‍ ജി.പി.എസ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ട്രാക്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് ശ്രമം. ജില്ലാ ആര്‍.ടി .ഓഫിസുകളില്‍ ഇതിനാവശ്യമായ നടപടി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോ റെക്കോര്‍ഡിങ്, അപകട സൂചന അറിയിക്കുന്നതിന് സ്ത്രീകളുടെ സീറ്റിനുസമീപം പാനിക് ബട്ടണുകള്‍, വേഗനിയന്ത്രണം എന്നിവയുള്‍പ്പെടുന്നതാണ് ട്രാക്കിങ് സംവിധാനം. സിഡാക്കിനാണ് ഒന്നരക്കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സാങ്കേതിക ചുമതല. ജില്ലാതലത്തില്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു. ബസുകളുടെ റൂട്ട് നിരീക്ഷിക്കുന്ന ഡിസ്‌പ്ലേ സ്‌ക്രീനുകളും അനുബന്ധ കംപ്യൂട്ടര്‍ സംവിധാനങ്ങളും ആര്‍.ടി ഓഫിസില്‍ സ്ഥാപിച്ചുതുടങ്ങി.
റൂട്ട് മാപ്പ് കാണിക്കുന്ന ആപ്ലിക്കേഷന്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഗൂഗിളിന്റെ മാപ്പ് ഉപയോഗിക്കാമെന്ന നിര്‍ദ്ദേശമുയര്‍ന്നെങ്കിലും അതിനുവേണ്ടിവരുന്ന 60 ലക്ഷം രൂപ ലഭ്യമാക്കുന്നതാണ് തടസമായിരിക്കുന്നത്. ബസുകളുടെ യാത്രാവിവരങ്ങള്‍ ജിപിഎസ് മുഖേന മോട്ടോര്‍വാഹന വകുപ്പിനും പൊലീസിനും ഓഫിസില്‍ ഇരുന്ന് അറിയാന്‍ കഴിയുമെന്നതാണ് ട്രാക്കിങ് യൂണിറ്റിന്റെ പ്രത്യേകത. ഏതു പ്രദേശത്തുള്ള ബസുകളുടെയും വിവരങ്ങള്‍ കൃത്യമായി കണ്‍ട്രോള്‍ മുറിയില്‍ ലഭിക്കും. അതുവഴി അധികൃതര്‍ക്കും ബസുടമകള്‍ക്കും വാഹനത്തിന്റെ നിലവിലുള്ള സ്ഥിതി മനസിലാക്കാന്‍ കഴിയും. 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നതിനാല്‍ സ്ത്രീകളുടെ രാത്രിയാത്ര സുരക്ഷിതമാക്കാന്‍ ഇതു സഹായമാകുമെന്നാണ് വിലയിരുത്തല്‍. ട്രാക്കിങ് യൂണിറ്റിന്റെ ചെലവായ 5,000 രൂപ ബസുടമകള്‍ വഹിക്കണം.
ജില്ലകളിലെ നടത്തിപ്പ് നിരീക്ഷിക്കാന്‍ തിരുവനന്തപുരത്ത് കേന്ദ്രനിരീക്ഷണ സംവിധാനവും ഒരുക്കുന്നുണ്ട്. വെഹിക്കിള്‍ ട്രാക്കിങ് യൂണിറ്റ് ഘടിപ്പിക്കുന്ന ബസുകള്‍ക്ക് വേഗനിയന്ത്രണമുളള റോഡുകളിലെത്തിയാല്‍ സ്വയം വേഗം നിയന്ത്രിക്കാനാകും. വേഗപൂട്ടുകള്‍ ഘടിപ്പിച്ച വാഹനങ്ങളില്‍ പലതും അമിതവേഗത്തിനു വേണ്ടി അതു തകരാറിലാക്കുന്ന സ്ഥിതിയുണ്ട്. എന്നാല്‍ ട്രാക്കിങ് യൂണിറ്റുകളില്‍ ഇത്തരത്തില്‍ കേടുവരുത്തിയാല്‍ അധികൃതര്‍ക്ക് ഉടന്‍ വിവരം ലഭിക്കും. അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് വാഹനത്തിന്റെ വേഗം അധികൃതര്‍ക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത.
വാഹനങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയുക, വേഗം നിയന്ത്രിക്കുക, വാഹനാപടകങ്ങള്‍കുറയ്ക്കുക, എന്നിവയും പദ്ധതി ലക്ഷ്യങ്ങളാണ്. വാഹനം ഉപയോഗിക്കുന്ന രീതിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഈപദ്ധതിയിലൂടെ ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷ.
Post Your Comments