സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന മാസമാണ് കര്‍ക്കടകം. തുള്ളിക്കൊരുകുടം മഴ പെയ്യുന്നതിനാല്‍ കള്ളകര്‍ക്കടകം, പഞ്ഞമാസം എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നതെങ്കിലും ആധ്യാത്മിക കാര്യങ്ങള്‍ക്ക് ഉത്തമമായിട്ടാണ് ഈ മാസത്തെ കണക്കാക്കുന്നത്.
ദുരിതം നിറയുന്ന കര്‍ക്കടകത്തില്‍ ഈശ്വര ഭജനത്തിലൂടെ കുടുംബൈശ്വര്യം വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നതാണ് രാമായണ മാസാചരണത്തിന്റെ പിന്നിലെ വിശ്വാസം. ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തി അതിനു മുന്നില്‍ ചമ്രം പടഞ്ഞിരുന്ന് രാമായണത്തെ തൊട്ട് വന്ദിച്ച് കര്‍ക്കടകം ഒന്നാം തീയതി മുതല്‍ പാരായണം തുടങ്ങുന്നു. കര്‍ക്കടകത്തിലെ എല്ലാ ദിവസവും ഇതു തുടരുകയും കര്‍ക്കടകം അവസാനിക്കുമ്പോള്‍ ശ്രീരാമപട്ടാഭിഷേകം വായിച്ച് പുഷ്പങ്ങള്‍ വിളക്കിനു മുന്നില്‍ അര്‍പ്പിച്ചു പാരായണം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. കര്‍ക്കടകത്തിലെ എല്ലാ ദിവസവും നിലവിളക്കു കൊളുത്തുമ്പോള്‍ കിണ്ടിയില്‍ ശുദ്ധജലത്തോടൊപ്പം ദശപുഷ്പം വയ്ക്കുന്നത് അത്യുത്തമമാണ്. ഒന്നാം തീയതി വായന ആരംഭിച്ചാല്‍ കര്‍ക്കടകം അവസാനദിവസം വരെ മുടങ്ങാതെ വായിക്കുന്നതു നല്ലതാണ്. എല്ലാ ദിവസവും ഒരാള്‍! തന്നെ വായിക്കണമെന്നില്ല.
കര്‍ക്കടകത്തിലാണ് പ്രധാനമായ നാലമ്പലദര്‍ശനം നടത്തുന്നത്. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, പായമ്മേല്‍ ശത്രുഘ്‌നസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ ഉച്ചപൂജയ്ക്കു മുന്‍പു തൊഴുന്നത് അതിവിശേഷമാണ്. കോട്ടയം ജില്ലയില്‍ രാമപുരത്ത് ശ്രീരാമക്ഷേത്രവും കൂടപ്പുലത്ത് ലക്ഷ്മണക്ഷേത്രവും അമനകരയില്‍ ഭരതക്ഷേത്രവും മേതിരിയില്‍ ശത്രുഘ്‌നക്ഷേത്രവും ഉണ്ട്. ഇവ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ദര്‍ശനം എളുപ്പമാണ്.
പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. ഓരോ അമാവാസിക്കും പിണ്ഡമൂട്ടാന്‍ കഴിയാത്തവര്‍ കര്‍ക്കടകവാവിനു ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണു വിശ്വാസം. തലേന്ന് ഒരിക്കല്‍ എടുത്ത് കര്‍ക്കടകവാവു ദിവസം കുളിച്ചു ഈറനണിഞ്ഞു ഏതെങ്കിലും തീര്‍ഥഘട്ടങ്ങളിലോ ബലിതര്‍പ്പണാദികള്‍ അനുഷ്ഠിക്കുന്ന ക്ഷേത്രത്തിലോ ബലിയിടാം. എള്ളും പൂവും ചന്ദനവും ഉണക്കലരിയും കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക. മത്സ്യമാംസാദികള്‍, ലഹരിപദാര്‍ഥങ്ങള്‍ ഇവ വര്‍ജിക്കുക. പകലുറക്കം പാടില്ല. പിതൃക്കളെ സ്മരിച്ചു കൊണ്ടുള്ള കര്‍ക്കടകവാവ് ദിനത്തിലെ ബലിതര്‍പ്പണം കുടുംബഅഭിവൃദ്ധിയും ഐക്യവും ദീര്‍ഘായുസ്സും പ്രദാനം ചെയ്യും. കര്‍ക്കടകവാവ് ബലിതര്‍പ്പണം ഇത്തവണ ഓഗസ്റ്റ് 02 ചൊവ്വാഴ്ചയാണ്.
Post Your Comments