ന്യൂഡല്‍ഹി : കശ്മീരില്‍ തുടരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു മറുപടിയുമായി ഇന്ത്യ. കശ്മീരില്‍ ഇടപെടാന്‍ പാക്കിസ്ഥാന് ഒരവകാശവുമില്ല. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നും ഭീകരതയെ മഹത്വവല്‍ക്കരിക്കുന്നത് പാക്കിസ്ഥാന്‍ തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
അയല്‍രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്നും പിന്മാറണമെന്നു ഇതിനു മുന്‍പും പാക്കിസ്ഥാന് ഇന്ത്യ താക്കീത് നല്‍കിയിരുന്നു. കശ്മീരിലേത് ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും അതില്‍ പാക്കിസ്ഥാന്‍ ഇടപെടേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു കശ്മീരിലുണ്ടായ പ്രശ്‌നങ്ങളില്‍ പാക്കിസ്ഥാനെടുത്ത നിലപാടിനെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.
കശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് ഇക്കാര്യത്തിലെ പാക്കിസ്ഥാന്‍ നിലപാട്. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതില്‍ പാക്കിസ്ഥാന്‍ നടുക്കം രേഖപ്പെടുത്തിയതും ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി അപലപനീയമാണെന്നു പറഞ്ഞതും ഇന്ത്യ-പാക്ക് ബന്ധത്തിനു വിള്ളലുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments