തിരുവനനന്തപുരം: കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ‘ഓപ്പറേഷന്‍ സങ്കട് മോച’ന്റെ ഭാഗമായി 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇതില്‍ 45 മലയാളികളുണ്ട്. മലയാളികള്‍ അടക്കമുള്ളവരുമായി വ്യോമസേനയുടെ സി-17 വിമാനം പുലര്‍ച്ചെ നാലുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങും വിമാനത്തില്‍ ഉണ്ടായിരുന്നു.
ഒമ്പത് വനിതകളും മൂന്ന് കുട്ടികളും രണ്ട് നേപ്പാളികളും ഉള്‍പ്പെടുന്ന സംഘമാണ് തിരുവനന്തപുരത്തെത്തിയത്. ദക്ഷിണേന്ത്യക്കാര്‍ ആയിരുന്നു ഈ വിമാനത്തില്‍ അധികവും. അതിനാലാണ് ആദ്യത്തെ ലാന്‍ഡിങ് തിരുവനന്തപുരത്താക്കിയത്. ബാക്കിയുള്ള ഉത്തരേന്ത്യക്കാരെ ഡല്‍ഹിയില്‍ എത്തിക്കുന്നതിനായി വിമാനം അല്‍പ്പസമയത്തിനകം യാത്ര തിരിക്കും.
വിമാനത്താവളത്തില്‍ എത്തിയ സംഘത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലാ കളക്ടര്‍ ബിജു പ്രഭാകറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ സംഘവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അറുനൂറോളം ഇന്ത്യക്കാരാണ് ദക്ഷിണ സിഡാനിലുള്ളത്.
നാട്ടിലേക്ക് മടങ്ങേണ്ടിവന്നതില്‍ 300 ലധികം വരുന്ന ഇന്ത്യക്കാര്‍ വിഷമം പ്രകടിപ്പിച്ചുവെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. പലരുടെയും നിക്ഷേപങ്ങള്‍ ആ രാജ്യത്തുള്ളതിനാല്‍ അവ ഉപേക്ഷിച്ച് വരുന്നതിലാണ് പലര്‍ക്കും എതിര്‍പ്പ്. ഇവരില്‍ ചിലര്‍ക്ക് സമീപരാജ്യമായ സുഡാനിലേക്ക് പോകാനാണ് താല്‍പ്പര്യം. അവിടെ കലാപമില്ല.
Post Your Comments