KeralaNews

ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റില്ല

കൊച്ചി ● കൊച്ചി ഉള്‍പ്പെടെ മൂന്നു കോര്‍പറേഷനുകളില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് അനുവദിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ഓട്ടോറിക്ഷകള്‍ക്കുള്ള സിറ്റി പെര്‍മിറ്റ് കഴിഞ്ഞ 21 വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ അനധികൃതമായി ഈ നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി വ്യക്തമാക്കി.

ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു വിവിധ തരത്തിലുള്ള മലിനീകരണം കൂടുതലായതിനാല്‍ പുതിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു നഗരങ്ങളില്‍ പെര്‍മിറ്റ് നല്‍കേണ്ടെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്. നിലവിലുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ ഘട്ടംഘട്ടമായി എല്‍പിജി, സിഎന്‍ജി തലത്തിലേക്ക് മാറ്റുന്നതിനും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കമ്മീഷണര്‍ അറിയിച്ചു. നഗരപരിധിക്കു പുറത്തു നിന്നു വന്ന് സര്‍വീസ് നടത്തുന്ന ഇത്തരം ഓട്ടോറിക്ഷകള്‍ പലപ്പോഴും ജനങ്ങള്‍ക്കു പ്രയാസവും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും ഇടനല്‍കുന്നു. അടുത്തകാലത്തായി കോര്‍പറേഷന്‍ പരിധി സമീപ പഞ്ചായത്തുകളെ കൂട്ടിച്ചേര്‍ത്തു വിപുലപ്പെടുത്തിയിട്ടുണ്ട്.

നഗരങ്ങളില്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രത്യേക നിറവും നമ്പറും നല്‍കാനാണ് തീരുമാനം. ഇതിലൂടെ അനധികൃത ഓട്ടോറിക്ഷകളെ ഒഴിവാക്കാന്‍ കഴിയും. തിരുവനന്തപുരം നഗരത്തില്‍ ആദ്യമായി നടപ്പിലാക്കിയ ഈ പരിപാടി വിജയം കണ്ട സാഹചര്യത്തിലാണ് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് കമ്മീഷണര്‍ അറിയിച്ചു.

കൊച്ചിയില്‍ ഇപ്പോള്‍ പ്രീപെയ്ഡ് കൗണ്ടറുകളിലേത് ഉള്‍പ്പെടെ 4500 ഓട്ടോറിക്ഷകള്‍ക്കു മാത്രമാണ് പെര്‍മിറ്റുള്ളത്. സമീപ ഗ്രാമപ്രദേശങ്ങളില്‍ ഓടുന്ന റിക്ഷകള്‍ നഗരങ്ങളിലേക്കു അനധികൃതമായി കടന്ന് സര്‍വീസ് നടത്തുന്നതു തടയണമെന്ന് നഗരങ്ങളിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും കാലങ്ങളായി ആവശ്യപ്പെട്ടുവരുന്നതാണ്. ഇവരുടെ വന്‍തോതിലുള്ള വരവു കാരണം തങ്ങള്‍ക്ക് ഓട്ടം കുറയുന്ന സ്ഥിതിയാണുള്ളതെന്ന് നഗരപ്രദേശങ്ങളിലുള്ളവര്‍ പരാതിപ്പെടുന്നു. ഈ സാഹചര്യം തിരുവനന്തപുരത്ത് ഗുരുതരമായ അനുഭവപ്പെട്ടപ്പോഴാണ് പെര്‍മിറ്റ് നിജപ്പെടുത്തുകയും പ്രത്യേക നിറവും നമ്പറും ഏര്‍പ്പെടുത്തുകയും ചെയ്തത്. ഇതോടെ പുറമെ നിന്നുള്ള ഓട്ടോറിക്ഷകളുടെ തള്ളിക്കയറ്റം നിലച്ചു. നഗരത്തിലെ ഓട്ടോറിക്ഷക്കാര്‍ക്ക് വരുമാനം വര്‍ധിക്കുകയും ചെയ്തു. ഇതേ പ്രശ്‌നം കൊച്ചിയിലും കോഴിക്കോട്ടുമുണ്ട്. പലപ്പോഴും ക്രിമിനല്‍ സംഘാംഗങ്ങളും മറ്റുമാണ് ഇത്തരം ഓട്ടോറിക്ഷകള്‍ നിയന്ത്രിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button