ലണ്ടന്‍ : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ബി.ബി.സിയിലെ മുന്‍ അവതാരകയായ രണ്ടാം ഭാര്യ രേഹം ഖാനുമായുള്ള വിവാഹബന്ധം കഴിഞ്ഞ ഒക്ടോബറില്‍ ഇമ്രാന്‍ വേര്‍പ്പെടുത്തിയിരുന്നു. ആദ്യ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്തുമായി ഇമ്രാന്‍ ഖാന്‍ പത്ത് വര്‍ഷം മുമ്പേ പിരിഞ്ഞിരുന്നു.
ലണ്ടനില്‍ വെച്ചാണ് ഇമ്രാന്‍ മൂന്നാമതും വിവാഹിതനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മനേക കുടുംബത്തില്‍ നിന്നുള്ള മറിയം ആണത്രെ ഇമ്രാന്റെ പുതിയ ഭാര്യ. താന്‍ വിവാഹിതനായി പുറത്തുവരുന്ന വാര്‍ത്തകള്‍ ഇമ്രാന്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം വിവാഹത്തിന്റെ വാര്‍ത്ത പുറത്തുവന്നപ്പോഴും ആദ്യമൊന്നും ഇക്കാര്യം സമ്മതിക്കാന്‍ ഇമ്രാന്‍ തയ്യാറായിരുന്നില്ല. 63 കാരനായ ഇമ്രാന്റെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇങ്ങനെ..
പാകിസ്താന്‍ ക്രിക്കറ്റിനെ ഇളക്കി മറിച്ച ഇതിഹാസ താരമാണ് ഇമ്രാന്‍ ഖാന്‍. ക്രിക്കറ്റില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും ഇമ്രാന്‍ അങ്ങനെ തന്നെയാണ്. പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫ് നേതാവാണ് ഇമ്രാന്‍ ഖാന്‍.
വാര്‍ത്തകള്‍ ശരിയാണെങ്കില്‍ 63 കാരനായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹമാണ് ഇത്. ലണ്ടനില്‍ വെച്ച് ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണത്രെ ഇമ്രാന്‍ മനേക കുടുംബത്തിലെ മറിയത്തെ വിവാഹം ചെയ്തത്. കൃത്യം ഒന്നരവര്‍ഷം മുമ്പാണ് ഇമ്രാന്‍ ഖാന്‍ ബി ബി സിയിലെ മുന്‍ അവതാരകയായ രണ്ടാം ഭാര്യ രേഹം ഖാനെ വിവാഹം ചെയ്ത വാര്‍ത്ത പുറത്തുവന്നത്. കൃത്യമായി പറഞ്ഞാല്‍ 2015 ജനുവരി 1 ന്. ആദ്യമൊക്കെ ഇക്കാര്യത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയ ഇമ്രാന്‍ ഒരാഴ്ചയ്ക്ക് ശേഷമാണ് വിവാഹക്കാര്യം സമ്മതിച്ചത്. താന്‍ മൂന്നാമതും വിവാഹിതനായി എന്ന വാര്‍ത്തകള്‍ ഇമ്രാന്‍ ഖാന്‍ നിഷേധിക്കുകയാണ്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ വിവാഹ വാര്‍ത്ത നിഷേധിച്ചത്. വിവാഹിതനാകുകയാണെങ്കില്‍ എല്ലാവരെയും അക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇമ്രാന്‍ ഖാന്റെയും രേഹം ഖാന്റെയും വിവാഹം വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. പാകിസ്താന്‍കാരണെങ്കിലും ലിബിയയില്‍ ജനിച്ചുവളര്‍ന്ന രേഹത്തിന് ഇമ്രാനുമായി ഒത്തുപോകാന്‍ സാധിച്ചില്ല. കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്.
ആദ്യ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്തില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ വിവാഹമോചനം നേടിയിട്ട് പത്ത് വര്‍ഷത്തോളം ആയി. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ഇമ്രാന്‍ ഖാന് നവാസ് ഷെരീഫിനെതിരെ പ്രക്ഷോഭം നയിച്ച് വലിയ ജനപിന്തുണയാണ് കിട്ടുന്നത്. അതുകൊണ്ട് തന്നെയാണ് താരം വിവാഹ വാര്‍ത്ത ഒളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments