ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ മോഡിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം അരവിന്ദ് പനഗരിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. എന്നാല്‍ ജൂലൈ 18ന് മുമ്പ് പുതിയ ഗവര്‍ണറെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പനഗരിയയുടെ ഓഫീസും വാര്‍ത്തയോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ആസൂത്രണ കമ്മീഷന് പകരം നിലവില്‍ വന്ന നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായ അരവിന്ദ് പനഗരിയ ജി 20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധിയാണ്. അപ്രതീക്ഷിതമായാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പനഗരിയയുടെ പേര് ഉയര്‍ന്നു വന്നത്. റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാകേഷ് മോഹന്‍, നിലവില്‍ ഡെപ്യൂട്ടി ഗവര്‍ണറായ ഉര്‍ജിത് പട്ടേല്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ എന്നിവരുടെ പേരുകളാണ് നേരത്തെ പരിഗണിച്ചിരുന്നത്.
Post Your Comments