KeralaNews

കാസര്‍ഗോഡ്‌ നിന്നും കാണാതായവരെപ്പറ്റി അമ്പരപ്പിക്കുന്ന പുതിയ വിവരങ്ങള്‍!

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും കാണാതെപോയ 12 പേര്‍ ഇറാനിയന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിച്ചേര്‍ന്നതായി അന്വേഷണസംഘത്തിന് വിവരംകിട്ടി. കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജൻസി വഴിയാണ് ഇവര്‍ ടെഹ്റാനിലേക്ക് പോയതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതോടൊപ്പം തന്നെ കാണാതായവരില്‍ ഒരാളെ മുംബൈയില്‍ വച്ച് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാസര്‍ഗോഡ് എളംപച്ചി സ്വദേശിയായ ഫിറോസ്ഖാനെയാണ് രഹസ്യാന്വേഷണ വിഭാഗം മുംബൈയില്‍ വച്ച് പിടികൂടിയത്. താൻ മുംബൈയിലുണ്ടെന്നും ഒപ്പമുണ്ടായിരുന്നവര്‍ സിറിയയിലേക്ക് പോയി എന്നും മറ്റും പറഞ്ഞ് ഇയാള്‍ പത്ത് ദിവസം മുമ്പ് വീട്ടുകാരെ വിളിച്ചിരുന്നു. ഈ വിവരങ്ങള്‍ പുറത്ത് പറയരുതെന്നും ഫിറോസ് ഖാൻ വീട്ടുകാരെ പറഞ്ഞ് വിലക്കിയിരുന്നു.

കാണാതായവരുടെ വിവരങ്ങള്‍ പുറത്തുവന്ന് ചര്‍ച്ചാവിഷയമാകുന്നതിനു മുമ്പായിരുന്നു ഈ സംഭവം. വീട്ടുകാരില്‍ നിന്ന്‍ ലഭിച്ച ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫിറോസ്ഖാൻ കസ്റ്റഡിയിലായത്. ഇതിനിടെ ടെഹ്‌റാനിലേക്ക് കടന്നവര്‍ ബംഗളുരു, ഹൈദരാബാദ് വഴിയാണ് പോയതെന്നും സൂചന കിട്ടിയിട്ടുണ്ട്.

പടന്ന സ്വദേശി ഇജാസ് ഭാര്യ റിഫൈല രണ്ട് വയസുള്ള കുട്ടി എന്നിവരാണ് ആദ്യം ടിക്കറ്റെടുത്തതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ക്ക് പിന്നാലെ അബ്ദുള്‍ റാഷിദടക്കമുള്ള ഒമ്പതുപേര്‍ ടിക്കറ്റെടുത്തു എന്ന വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോഴും ഇറാനില്‍ തന്നെയുണ്ടോ അതോ അവിടെ നിന്നും പോയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. കസ്റ്റഡിയിലുള്ള ഫിറോസ് ഖാനെ ചോദ്യം ചെയ്യുന്നതോടെ കാണാതായവരുടെ ഐ.എസ് ബന്ധമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതവരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍

അതേസമയം കേരളത്തിൽ നിന്ന് കൂട്ടത്തോടെ മലയാളികളെ കാണാതായ സംഭവത്തിൽ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി എഡിജിപി ആർ ശ്രീലേഖ കേന്ദ്രരഹസ്യാന്വേഷണ വിഭാഗ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ദില്ലിയിൽ ഇന്ന് വൈകീട്ടാണ് കൂടിക്കാഴ്ച. അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇവർ എത്തിയെന്ന റിപ്പോർട്ടുകളിൽ വ്യക്തത തേടും. സംസ്ഥാനതലത്തിൽ നടക്കുന്ന അന്വേഷണത്തെക്കുറിച്ചുള്ള വിവരം എഡിജിപി ഐബിക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button