വാഷിംഗ്ടണ്‍ : യു.എസിലെ ഡാലസില്‍ കഴിഞ്ഞ ദിവസം അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ വധിച്ച അക്രമിയെ കീഴ്‌പ്പെടുത്താന്‍ ‘യന്ത്രമനുഷ്യ’നെ ഉപയോഗിച്ചതിനെച്ചൊല്ലി തര്‍ക്കം. യുദ്ധത്തിലെന്നപോലെ എല്ലാം തകര്‍ത്തും എല്ലാവരെയും കൊന്നൊടുക്കിയുമല്ല പൊലീസ് പ്രവര്‍ത്തിക്കേണ്ടത് എന്നാണു റോബട്ട് വിരുദ്ധരുടെ വാദം. റോബര്‍ട്ട് ‘കണ്ടെത്തി’ ഇല്ലായ്മ ചെയ്യന്നത് യഥാര്‍ഥ കുറ്റവാളിയെത്തന്നെയാണോ എന്നതും തര്‍ക്കവിഷയമാണ്. അന്വേഷണത്തിലൂടെയും വിചാരണകളിലൂടെയുമാണു കുറ്റം തെളിയിക്കപ്പെടേണ്ടതെന്നും അവര്‍ പറയുന്നു. എന്നാല്‍, കൂടുതല്‍ ആള്‍നാശമുണ്ടാകാതിരിക്കാനാണ് റോബട്ടിനെ ഉപയോഗിച്ചതെന്നാണു പൊലീസ് വാദം.
അഞ്ചു ഡാലസ് പൊലീസുകാരെ മറവില്‍നിന്നു വെടിവച്ച കൊന്ന മൈക്ക സേവ്യര്‍ ജോണ്‍സണ്‍ എന്ന ഇരുപത്തഞ്ചുകാരനെയാണ് റോബട്ടിനെ ഉപയോഗിച്ചു വധിച്ചത്. പൊലീസ്, യന്ത്രമനുഷ്യനെ ഉപയോഗിച്ച് അക്രമിയെ കീഴ്‌പ്പെടുത്തി വധിക്കുന്നതു ലോകത്ത് ആദ്യമാണെന്നാണു കരുതുന്നത്. കറുത്ത വര്‍ഗക്കാരായ രണ്ടുപേരെ പൊലീസ് വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ചുള്ള റാലിക്കിടെയായിരുന്നു പൊലീസിനുനേരെയുള്ള ആക്രമണം. 11 പൊലീസുകാര്‍ക്കു വെടിയേറ്റു. ഇതില്‍ അഞ്ചുപേരാണു കൊല്ലപ്പെട്ടത്. ഇനിയും വെടിവയ്പുണ്ടാകുമെന്ന ഭയം നിലനില്‍ക്കെയാണു പൊലീസ് യന്ത്രമനുഷ്യനെ രംഗത്തിറക്കിയത്.
അക്രമിയെ തിരിച്ചറിഞ്ഞ് അയാള്‍ എവിടെയാണുള്ളതെന്നു കണ്ടെത്തിക്കഴിഞ്ഞാല്‍ അവിടേക്കു റോബട്ടിനെ അയയ്ക്കുകയാണു ചെയ്യുക. റോബട്ടിന്റെ ‘കയ്യില്‍’ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബാഗുമുണ്ടാകും. നിശ്ചിത സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ കയ്യിലുള്ള സ്‌ഫോടകവസ്തുക്കള്‍ താഴെ വയ്ക്കും. പിന്നീടു റിമോട്ട് സംവിധാനം ഉപയോഗിച്ചു സ്‌ഫോടനമുണ്ടാക്കും. അക്രമി കൊല്ലപ്പെടുകയോ അയാള്‍ക്കു പരുക്കേല്‍ക്കുകയോ ചെയ്യും. കൂടുതല്‍ ആള്‍നാശമുണ്ടാകാതിരിക്കാനാണു റോബട്ടിനെ ഉപയോഗിച്ചതെന്നാണ് ഡാലസ് പൊലീസ് മേധാവി ഡേവിഡ് ബ്രൗണ്‍ പറഞ്ഞത്.
യു.എസ് ഉള്‍പ്പെടെ പല രാജ്യങ്ങളിലും റോബട്ടുകള്‍ പൊലീസ് സേനയുടെ ഭാഗമാണ്. എന്നാല്‍, ഇതിനെ ഉപയോഗിച്ചു സ്‌ഫോടനം നടത്തി അക്രമിയെ വധിക്കുന്നത് ആദ്യമാണ്. സാധാരണ ബോംബുകളും മറ്റും നിര്‍വീര്യമാക്കാനും മറ്റുമാണു റോബട്ടുകളെ ഉപയോഗിക്കുക. അക്രമികള്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തി വലിയ ശബ്ദവും വെളിച്ചവും പുറപ്പെടുവിച്ച് അവരെ ഭയപ്പെടുത്താനും ഇവയെ ഉപയോഗിക്കാറുണ്ട്. സൈന്യത്തിലാണ് ആദ്യം റോബട്ടുകള്‍ക്കു ‘നിയമനം’ നല്‍കിയത്. പിന്നീടാണു പൊലീസിലെത്തിയത്.
Post Your Comments