ഇന്‍ഡോനേഷ്യയിലെ ജാവയിലുള്ള ബെര്ബസ് ജംഗ്ഷനിലെ പ്രധാന ഹൈവേ ടോളില്‍ കഴിഞ്ഞ ദിവസമുണ്ടായ പടുകൂറ്റന്‍ ട്രാഫിക് ജാം കുപ്രസിദ്ധിയാര്ജ്ജിക്കുന്നു. തദ്ദേശവാസികള്‍ ഇപ്പോള്‍ത്തന്നെ ഈ ട്രാഫിക് ജാമിനെ ബ്രെക്സിറ്റ് (ബെര്ബസ്+എക്സിറ്റ്) എന്നാണ് വിളിക്കുന്നത്.
റമദാന് അവധിക്ക് നഗരം വിട്ട് ഗ്രാമങ്ങളിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായതാണ് ഇത്രവലിയ ഒരു ട്രാഫിക് ജാം ഉണ്ടാക്കിയത്.
മൂന്നു ദിവസത്തോളമാണ് 20-കിലോമീറ്റര്‍ വരെ നീളംവച്ച ഈ ട്രാഫിക് ജാം നീണ്ടുനിന്നത്. വെട്ടിത്തിളയ്ക്കുന്ന ചൂടില്‍ കുടുംബങ്ങളും മറ്റ് ജനങ്ങളും കാറുകള്‍ക്കുള്ളിലും, ബസുകളിലും എല്ലാം ഇത്രയും ദിവസം യാതനകള്‍ അനുഭവിച്ച് കുടുങ്ങിക്കിടന്നു. പ്രായാധിക്യം ചെന്ന ചിലര്‍ ക്ഷീണം മൂലവും മറ്റ് ശാരീരിക വിഷമതകള്‍ കൊണ്ടും മരണമടയുക വരെ ചെയ്തു.
വാഹങ്ങള്‍ പുറംതള്ളിയ വാതകങ്ങള്‍ ശ്വസിച്ച് ഒരു കുട്ടിയും മരണമടഞ്ഞിട്ടുണ്ട്. ഹൃദയാഘാതം വന്ന് മരണമടഞ്ഞവരും ഉണ്ട്. 20-കിലോമീറ്റര്‍ ട്രാഫിക് ജാമില്‍പ്പെട്ട് വലഞ്ഞ പൗരന്മാര് ഇപ്പോള്‍ തങ്ങള്‍ അനുഭവിച്ച ദുരിതത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്ത് വിഷയം ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
പക്ഷേ, മരണമടഞ്ഞവര്ക്കെല്ലാം ട്രാഫിക് ജാമില്‍ ആയിരിക്കെ തന്നെയാണ് ജീവന് നഷ്ടപ്പെട്ടതെന്ന വാദത്തെ തള്ളി ഇന്‍ഡോനേഷ്യന്‍ ആരോഗ്യ മന്ത്രാലയവും രംഗത്തെത്തിയിട്ടുണ്ട്. ദീര്‍ഘദൂരയാത്രകള്‍ പോകുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന കാര്യം പൗരന്മാരെ ഓര്‍മ്മിപ്പിക്കാനും അവര്‍ മറന്നില്ല.
Post Your Comments