
ന്യൂയോര്‍ക്ക് : ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്‌സിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. സമൂഹ മാദ്ധ്യമങ്ങളിലെ പ്രമുഖരുടെ അക്കൗണ്ട് ഹാക്ക് ചെയ്യുന്ന ഗ്രൂപ്പായ അവര്‍മൈന്‍ ഗ്രൂപ്പാണ് ജാക്ക് ഡോഴ്‌സിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത്. മോസില്ല ഫയര്‍ഫൊക്‌സ്, ഗൂഗിള്‍ ക്രോം എന്നീ ബ്രൗസറുകളില്‍ നടത്തിയ മാല്‍വെയര്‍ ആക്രമണം വഴിയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയത്.
കഴിഞ്ഞ മാസം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെയും അക്കൗണ്ടുകള്‍ അവര്‍മൈന്‍ ഗ്രൂപ്പ് ഹാക്ക് ചെയ്തിരുന്നു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചയ്യുടെ അക്കൗണ്ടും ഈ ഗ്രൂപ്പ് ഹാക്കിംഗ് നടത്തിയിരുന്നു. ട്വിറ്റര്‍ മുന്‍ സിഇഒയും സഹസ്ഥാപകരില്‍ ഒരാളുമായ ഇവാന്‍ വില്യംസിന്റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
ജാക്ക് ഡോഴ്‌സിയുടെ അക്കൗണ്ടില്‍ തങ്ങളുടെ ശക്തി തെളിയിക്കുന്ന വീഡിയോ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങള്‍ അവര്‍മൈന്‍ ഗ്രൂപ്പാണെന്നും താങ്കളുടെ അക്കണ്ടിന്റെ സുരക്ഷ പരീക്ഷിച്ചതാണെന്നുമുള്ള സന്ദേശവും ഹാക്കര്‍മാര്‍ ജാക്കിന്റെ അക്കൗണ്ടില്‍ ഇട്ടിരുന്നു. ട്വിറ്ററിലെ 32,888,300 അക്കൗണ്ടുകളിലെ ഇമെയില്‍, യൂസര്‍നെയിം, പാസ്വേഡ് എന്നിവയെല്ലാം മോഷ്ടിച്ചെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.
Post Your Comments