
കഴിഞ്ഞയാഴ്ച സ്വീഡനില്‍ നടന്ന രണ്ട് സംഗീത പരിപാടികള്‍ക്കിടെ വീണ്ടും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ഉണ്ടായതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരിക്കുന്നു. ഈ സംഭവങ്ങളില്‍ കുറ്റക്കാരായവരെ കണ്ടെത്താന്‍ സ്വീഡിഷ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഇപ്പോള്‍.
തലസ്ഥാന നഗരമായ സ്റ്റോക്ക്ഹോമിന് 100-മൈല്‍ തെക്ക്പടിഞ്ഞാറ് മാറിയുള്ള നോര്‍കോപ്പിംങ്ങില്‍ നടന്ന ബ്രാവല്ല ഫെസ്റ്റിവലിനിടയില്‍ ബലാത്സംഗം നടന്നതായുള്ള 5 റിപ്പോര്‍ട്ടുകളും, ലൈംഗികമായ അതിക്രമങ്ങള്‍ നടന്നതായുള്ള 12 റിപ്പോര്‍ട്ടുകളുമാണ് പോലീസിന്‍റെ കൈവശം ലഭിച്ചത്. സ്റ്റോക്ക്ഹോമിന് 190-മൈല്‍ പടിഞ്ഞാറുള്ള കാള്‍സ്റ്റാഡില്‍ നടന്ന “പട്ട് ഇ പാര്‍ക്കന്‍” എന്ന സംഗീത പരിപാടിക്കിടെ ലൈംഗികാതിക്രമങ്ങള്‍ നടന്നു എന്ന് കാണിക്കുന്ന 32 റിപ്പോര്‍ട്ടുകളും പോലീസിന് ലഭിച്ചു.
മുതിര്‍ന്ന പുരുഷന്മാരും യുവാക്കളായവരും തങ്ങളെ കയറിപ്പിടിച്ചു എന്നാണ് കാള്‍സ്റ്റഡ് സംഗീത പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളും പെണ്‍കുട്ടികളും പരാതിപ്പെട്ടിരിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികളും 18 വയസ്സില്‍ താഴെയുള്ളവര്‍ ആയിരുന്നു. 15 വയസ്സുകാരികള്‍ വരെ അക്രമത്തിനിരയായിട്ടുണ്ട്.
“റിപ്പോര്‍ട്ടുകളില്‍ പറയുന്നത് അക്രമികള്‍ സ്ത്രീകളുടെ മാറിടങ്ങള്‍, രഹസ്യഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബലപ്രയോഗത്തിലൂടെ സ്പര്‍ശിച്ചു എന്നാണ്. ചില റിപ്പോര്‍ട്ടുകളില്‍ അടിവസ്ത്രങ്ങള്‍ക്കുള്ളിലേക്ക് കൈകടത്തി സ്പര്‍ശിച്ചതായി വരെ പറയുന്നുണ്ട്,” കാള്‍സ്റ്റഡ് പോലീസ് ഇന്‍സ്പെക്ടര്‍ ലെയ്ഫ് നൈസ്ട്രോം പറഞ്ഞു.
സംശയമുള്ള ഏഴ് പേരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇതില്‍ ആറു പേര്‍ വിദേശികളാണ്. 18-നും 35-നും ഇടയില്‍ പ്രായമുള്ളവരാണ് നിരീക്ഷണത്തിലുള്ളവര്‍. പക്ഷേ അറസ്റ്റുകളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments