റായ്പൂര്‍ ● വീട്ടുകാരുമായി പിണങ്ങി വീടുവിട്ടറങ്ങിയ 19 കാരിയായ ആദിവാസി പെണ്‍കുട്ടിയെ ഒരു സ്ത്രീ കൂട്ടിക്കൊണ്ടുപോയി 30,000 രൂപയ്ക്ക് വിറ്റു. ഛത്തീസ്ഗഡിലെ ബസ്തര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് മനുഷ്യക്കടത്ത് ഏജന്റായ സ്ത്രീ ഉത്തര്‍പ്രദേശിലെ മധ്യവയസ്കന് വിറ്റത്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ ബസ്തര്‍ പോലീസ് സ്ത്രീയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂണ്‍ മധ്യത്തിലാണ് വീട്ടില്‍ വഴക്കിട്ട് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് റോഡരുകിലെ ഹോട്ടലിന് സമീപം നില്‍ക്കുകയായിരുന്ന പെണ്കുട്ടിയ മനുഷ്യക്കടത്ത് ഏജന്റായ കല്പന മണ്ഡല്‍ (36) എന്ന സ്ത്രീ സമീപിയ്ക്കുകയും പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒഡിഷയിലെ ഒരു വീട്ടില്‍ എത്തിച്ചു അവിടെ ടീന എന്നൊരു സ്ത്രീയും ഉണ്ടായിരുന്നു. ഇരുവരും കൂടി പെണ്‍കുട്ടിയെ ജഗ്ദല്‍പൂരില്‍ എത്തിയ്ക്കുകയും രണ്ട് ദിവസം അവിടെ താമസിയ്ക്കുകയും ചെയ്തു. ഇതിനെ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങണം എന്ന് അറിയിച്ചെങ്കിലും,സ്ത്രീകള്‍ മഥുരയിലെ ക്ഷേത്രങ്ങള്‍ കാണാന്‍ വിനോദയാത്ര പോകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ റായ്പൂരില്‍ നിന്നും ട്രെയിനില്‍ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകുകയായിരുന്നു.
യു.പിയില്‍ എത്തിച്ച പെണ്‍കുട്ടിയെ ഹത്രാസ് ജില്ല സ്വദേശിയായ ഒരാള്‍ക്ക് വിവാഹം കഴിക്കാനായി വിറ്റശേഷം സ്ത്രീകള്‍ പണവും വാങ്ങി മടങ്ങുകയായിരുന്നു. പെണ്‍കുട്ടി വിവരം അറിയിച്ചതനുസരിച്ചാണ് കല്പനയെ പോലീസ് അറസ്റ്റ് ചെയ്തത്. ടീനയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ ജൂണ്‍ 20 ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്താനായി ബസ്തര്‍ പോലീസ് പ്രത്യേക ടീം രൂപീകരിച്ചിരുന്നു. ജൂണ്‍ 28 നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ തിരിച്ചറിയാനായി മാതാപിതാക്കളെ പോലീസ് യു.പിയിലേക്ക് കൊണ്ടുപോയിരുന്നു.
പിടിയിലായ കല്പനയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 366, 368, 370, 34 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. വിവാഹത്തിനും വേശ്യാവൃത്തിയ്ക്കും ഇവര്‍ മറ്റുസംസ്ഥാനങ്ങളിലേക്ക് പെണ്‍കുട്ടികളെ കടത്തിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് പറഞ്ഞു.
Post Your Comments