NewsIndia

ക്രിസ്ത്യന്‍ പള്ളികളില്‍ നടത്തുന്ന വിവാഹമോചനത്തിന് നിയമസാധുതയില്ല സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പള്ളികള്‍ വഴി നടത്തുന്ന വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. കര്‍ണാടകയിലെ കാത്തോലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായ പയസ് നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

പള്ളിക്കോടതികള്‍ വഴി നടത്തുന്ന വിവാഹമോചനം നിയമപരമായി നിലനില്‍ക്കുന്നതല്ല. അതിനാല്‍ ഇത്തരത്തില്‍ പള്ളികള്‍ വഴി വിവാഹമോചനം നേടിയശേഷം പുനര്‍വിവാഹം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൗദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഉടനെ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഹര്‍ജിക്കാരന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജിയാണ് ഹാജരായത്.

മുസ്ലിം മതവിശ്വാസികള്‍ക്ക് വിവാഹമോചനത്തിന് തലാഖ് ചൊല്ലുന്നത് നിയമപരമാണെന്നും എന്നാല്‍ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ കാര്യത്തില്‍ പള്ളികള്‍ വഴി നടത്തുന്ന വിവാഹമോചനം കുറ്റകരമാകുന്നത് എങ്ങനെയാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ കോടതിയിലെ പ്രധാന വാദം. നിരവധി ക്രിസ്ത്യന്‍ വിശ്വാസികള്‍ ഇത്തരത്തില്‍ ക്രിമിനല്‍,സിവില്‍ കേസുകളില്‍ കുടുങ്ങുമെന്ന കാര്യവും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

മുസ്ലിം വ്യക്തിനിയമം അംഗീകരിക്കുന്ന പോലെ ഇന്ത്യക്കാരായ ക്രിസ്ത്യന്‍ വിശ്വാസികളുടെ വിവാഹവുമായി ബന്ധപ്പെട്ട് കാനോണ്‍ നിയമം അംഗീകരിക്കണമെന്നും പൊതു താത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങളെയെല്ലാം എതിര്‍ക്കുകയായിരുന്നു.ഇന്ത്യന്‍ മാര്യേജ് ആക്റ്റ് പ്രകാരമുളള വിവാഹമോചനം നേടിയാല്‍ മാത്രമെ മറ്റൊരു വിവാഹം കഴിക്കാന്‍ പാടുള്ളുവെന്നും അല്ലാത്ത പക്ഷം ക്രിമിനല്‍ കുറ്റമായി ഇതിനെ കാണുമെന്നും അറിയിച്ച കോടതി കേസ് വിശദമായി പരിശോധിക്കുമെന്നും വാദം കേള്‍ക്കുമെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button