ന്യൂഡല്‍ഹി: കേരളത്തിലെ വസ്ത്രശാലകളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായുള്ള പരാതിയില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ കേരള സര്‍ക്കാരിന് നോട്ടീസയച്ചു.
തൊഴിലാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചാണ് കമ്മീഷന്റെ നോട്ടീസ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ കുറിച്ച് കമ്മീഷനെ അറിയിക്കുന്നതിനായി കേരള സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം നല്‍കി. ചീഫ് സെക്രട്ടറി, തൊഴില്‍ വകുപ്പ്, തൊഴില്‍ കമ്മിഷണര്‍ എന്നിവര്‍ക്കാണ് നോട്ടീസയച്ചിരിക്കുന്നത്.
ഇത്തരം സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് പത്തു മണിക്കൂറിലേറെ വരുന്ന ജോലിക്കിടയില്‍ ഇരിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ അനുവദിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി.
ആരോഗ്യപരവും അന്തസ്സുമായും ബന്ധപ്പെട്ട അവകാശങ്ങളുടെ കടുത്ത ലംഘനമാണ് ഇത്തരം ഇടങ്ങളില്‍ നടക്കുന്നതെന്നും കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലൂടെ (കെ.എസ്.സി.ഇ ആക്ട്) ഈ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് നോട്ടീസില്‍ പറയുന്നു.
കേരളത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങള്‍ അടയാളപ്പെടുത്തിയ കമ്മീഷന്‍ പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് കൊണ്ട് വന്നുവെങ്കിലും അത് അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും കമ്മീഷന്‍ പറയുന്നു.
Post Your Comments