പഞ്ചകേദാര ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്ന ശിവക്ഷേത്രങ്ങളില്‍പ്പെട്ടതാണ് കേദാര്‍നാഥ്. ഹിമാലയത്തിലുള്‍പ്പെട്ട ഗര്‍വാള്‍ മലനിരകളില്‍, പുണ്യനദി മന്ദാകിനിയുടെ തീരത്തോട് ചേര്‍ന്നാണ് കേദാര്‍നാഥ് സ്ഥിതിചെയ്യുന്നത്. മഞ്ഞുമൂടിയ തീവ്രതയേറിയ’ കാലാവസ്ഥയായതിനാല്‍ വര്‍ഷത്തില്‍ ആറു മാസങ്ങള്‍ മാത്രമേ കേദാര്‍നാഥില്‍ പൂജയും ദര്‍ശനവും അനുവദിക്കുന്നുള്ളൂ. ഏപ്രില്‍ മാസത്തിലെ “അക്ഷയ തൃതീയ” ദിവസം മുതല്‍ വസന്തത്തിലെ പൗര്‍ണ്ണമി ദിനമായ “കാര്‍ത്തിക പൂര്‍ണ്ണിമ” (നവംബര്‍ മാസം) വരെ മാത്രമേ ക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും ഉള്ളൂ. മഞ്ഞുകാലത്ത് കേദാര്‍നാഥിലെ വിഗ്രഹങ്ങള്‍ താഴ്വരയിലെ ഉകി മഠത്തില്‍ കൊണ്ടുവന്നാണ് പൂജകള്‍ നടത്താറുള്ളത്. കേദാര്‍നാഥില്‍ വാണരുളുന്ന ശിവഭഗവാന്‍ “കേദാരഖണ്ഡത്തിലെ ദേവന്‍” എന്ന പേരില്‍ അറിയപ്പെടുന്നു.
ഗൗരികുണ്ഡ് മുതല്‍ 14-കിലോമീറ്റര്‍ മുകളിലേക്ക് കാല്‍നടയായോ, കുതിരയുടേയോ കഴുതയുടേയോ പുറത്തേറിയുള്ള യാത്രയിലൂടെയോ മാത്രമേ കേദാര്‍നാഥില്‍ എത്തിച്ചേരാനാകൂ. പാണ്ഡവന്മാരാല്‍ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിന്‍റെ ആധുനികകാലത്തെ പുനരുദ്ധാരണകര്‍മ്മം നിര്‍വഹിച്ചത് ശങ്കാരാചാര്യര്‍ ആണ്. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഉള്‍പ്പെട്ട ശിവലിംഗമാണ് കേദാര്‍നാഥിലേത്. തമിഴ് ശൈവകാവ്യമായ തേവാരത്തില്‍ പരാമര്‍ശിക്കുന്ന 275 “പാദല്‍ പെട്ര സ്ഥലങ്ങളില്‍” ഒന്നും കൂടിയാണ് കേദാര്‍നാഥ്.
ദേവഭൂമിയായ ഉത്തരാഖണ്ഡിനെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിലും കേദാര്‍നാഥ് ക്ഷേത്രത്തിന് കേടുപാടുകളൊന്നും സംഭവിച്ചില്ല എന്നത് ശ്രദ്ധേയമാണ്. 10 നൂറ്റാണ്ടുകളായി ഈ ശിവാലയം പ്രകൃതിയുടെ തീവ്രതകളുടെ ഇടയിലും ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയകേന്ദ്രങ്ങളിലൊന്നായി നിലകൊള്ളുന്നു. കേദാര്‍നാഥ് തീര്‍ഥാടനം പോലെ ഒരു വ്യക്തിയുടെ സ്വത്വത്തില്‍ ഇത്രമാത്രം ആദ്ധ്യാത്മിക ഉണര്‍വ്വ് ഉണ്ടാക്കുന്ന തീര്‍ഥാടനങ്ങള്‍ വിരളമാണ് എന്ന് തന്നെ പറയാം.
Post Your Comments