തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രികര്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവ് നടപ്പാകും. ഉത്തരവ് വിവാദമായതോടെ കമ്മീഷണര്‍ ടോമിന് ജെ. തച്ചങ്കരി നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കണമെന്നും മന്ത്രി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. വിഷയത്തില്‍ സര്‍ക്കാരിനോട് ആലോചിക്കതെ ഉത്തരവ് ഇറക്കിയെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് മന്ത്രി വിശദീകരണം തേടിയത്. ഓഗസ്റ്റ് ഒന്നു മുതലാണ് ഉത്തരവ് നിലവില്‍ വരുന്നത്.
പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അതിനുള്ള നിര്‍ദേശം മന്ത്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍ പോലീസിന്റെ അധികാരം ആര്‍ക്കും കൈമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ നല്‍കില്ല എന്ന തീരുമാനത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ മുന്നോട്ടുപോകില്ലെന്ന് ഗതാഗതമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
വേണ്ടത്ര പരിശോധന കൂടാതെ തിടുക്കത്തില്‍ എടുത്ത തീരുമാനമാണെന്നും സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥന് നയപരമായ തീരുമാനമെടുത്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും താന്‍ അറിയാതെയാണ് ഈ ഉത്തരവ് ഇറക്കിയതെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ വിശദീകരണം തേടിയത് നടപടിക്രമത്തിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രികര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് ടോമിന് തച്ചങ്കരി പുറപ്പെടുവിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ തീരുമാനം നടപ്പാക്കും. ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പന്പുകള്ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഹെല്‍മറ്റ് ഉപയോഗിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് പമ്പുകളില്‍ നോട്ടീസ് പതിപ്പിക്കാനും ഇത്തരക്കാരെ കണ്ടെത്താന്‍ കാമറ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം അപ്രയോഗികമാണെന്നും ഹെല്‍മറ്റ് ലോബിയെ സഹായിക്കാനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഉത്തരവില്‍ സമ്മിശ്ര പ്രതികരണം ഉയര്‍ന്നതോടെ തീരുമാനം അപ്രയോഗികമെങ്കില് പുനഃപരിശോധിക്കുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments