ബംഗളൂരു: ഓണ്‍ലൈന്‍ പണത്തട്ടിപ്പിന് ഇരയായി 11 ലക്ഷം രൂപ നഷ്ടമായ വീട്ടമ്മ ആത്മഹത്യ ചെയ്തു. ബംഗളുരുവില്‍ സ്വാമി വിവേകാനന്ദാ റോഡിനു സമീപം താമസിക്കുന്ന ഐ.ടി ഉദ്യോഗസ്ഥന്റെ ഭാര്യ വി. പാലക്(44) ആണു തൂങ്ങിമരിച്ചത്.
45 ലക്ഷം രൂപയുടെ സമ്മാനം അടിച്ചെന്നുള്ള സന്ദേശം വിശ്വസിച്ച് അതു സ്വന്തമാക്കാന്‍ 11 ലക്ഷം രൂപയോളം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കു കൈമാറിയാണ് യുവതി ചതിക്കുഴിയില്‍ വീണത്. ഭര്‍ത്താവോ, രണ്ടു മക്കളോ അറിയാതെ ആയിരുന്നു യുവതിയുടെ ഇടപാടുകള്‍.
സമ്മാനത്തുക വാങ്ങാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണു തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്. തുടര്‍ന്നു ബംഗളുരുവിലെ വീട്ടില്‍ തിരിച്ചെത്തിയ അവര്‍ ജീവനൊടുക്കുകയായിരുന്നു. ആന്‍ഡ്രൂ എന്ന പേരായ ആളാണ് യുവതിയെ തട്ടിപ്പിനിരയാക്കിയത്.
45 ലക്ഷം രൂപ സമ്മാനം അടിച്ചെന്നും കസ്റ്റംസ് ക്ലിയറന്‍സ് പോലുള്ള ചില നിയമപ്രശ്‌നങ്ങള്‍ മറികടക്കാനും മുഴുവന്‍ പണം സ്വന്തമാക്കാനും കുറച്ചു പണം ആദ്യം അടയ്ക്കണമെന്നുമായിരുന്നു യുവതിക്കു കിട്ടിയ സന്ദേശം. ഇതു വിശ്വസിച്ച യുവതി വിവിധ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കായി തട്ടിപ്പുകാര്‍ പറഞ്ഞ പണം നല്‍കിക്കൊണ്ടിരുന്നു. ഇതു 11 ലക്ഷം രൂപയോളമുണ്ടായിരുന്നു. ആവശ്യപ്പെട്ടപ്പോളെല്ലാം യുവതി പണം നല്‍കിയതുകൊണ്ട് ഇതു വിജയകരമായ കെണിയാണെന്നു തട്ടിപ്പുകാര്‍ മനസിലാക്കി. തുടര്‍ന്നു പണം വാങ്ങാന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ഇവര്‍ വീണ്ടും യുവതിയോടു പണം ആവശ്യപ്പെട്ടു. തന്റെ കൈയില്‍ പണം ഇനി ഇല്ലെന്ന് അറിയിച്ചപ്പോള്‍ സമ്മാനത്തുക നല്‍കാനാവില്ലെന്ന് അവര്‍ നിലപാടെടുത്തതോടെയാണ് സംഗതി തട്ടിപ്പായിരുന്നുവെന്ന് യുവതി മനസിലാക്കുന്നത്. തൂങ്ങിമരിക്കുന്നതിനു തലേദിവസം കീടനാശിനി കഴിച്ചു ജീവനൊടുക്കാനും യുവതി ശ്രമിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ ഇവര്‍ നടന്ന സംഭവങ്ങള്‍ പറഞ്ഞിരുന്നു.
എന്നാല്‍ പോലീസിനെ സമീപിക്കാമെന്നും വിഷമിക്കേണ്ടെന്നും പറഞ്ഞു കുടുംബാംഗങ്ങള്‍ യുവതിയെ സമാധാനിപ്പിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് യുവതി അടുത്തദിവസം തൂങ്ങിമരിച്ചത്.
Post Your Comments