Editorial

ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോള്‍….

ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേന്ദ്രഗവണ്മെന്‍റ് തീരുമാനിച്ചതോടെ കേന്ദ്രഗവണ്മെന്‍റ് ജീവനക്കാരുടേയും പെന്‍ഷനേഴ്സിന്‍റേയും മാസവരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവ് സംഭവിക്കാന്‍ പോവുകയാണ്. 2016, ജനുവരി 1 മുതല്‍ക്കുള്ള മുന്‍കാലപ്രാബല്യത്തോടെയാകും ഈ വര്‍ദ്ധനവ്. അടുത്ത ജനുവരിക്ക് മുമ്പ് തന്നെ ജൂലൈ വരെയുള്ള അരിയറുകള്‍ കൊടുത്തുതീര്‍ക്കും എന്നും ഈ തീരുമാനങ്ങള്‍ അറിയിക്കവേ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി പറഞ്ഞു.

ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുന്നതിനന്‍റെ പ്രയോജനം ലഭിക്കുക 47-ലക്ഷം കേന്ദ്രഗവണ്മെന്‍റ് ജീവനക്കാരും 53-ലക്ഷം പെന്‍ഷനേഴ്സും ഉള്‍പ്പെടെ 1-കോടിയോളം ആളുകള്‍ക്കാണ്. ഇത്രയും ആളുകള്‍ക്ക് ലഭിക്കുന്ന ഈ അധികവരുമാനം ഉപഭോക്തൃവിപണിയെ ഉണര്‍ത്തുമെന്നും സര്‍ക്കാരിന്‍റെ നികുതിവരുമാനം പോലുള്ളവയില്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്നും കേന്ദ്രഗവണ്മെന്‍റ് പ്രതീക്ഷിക്കുന്നു. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതോടെ കാറുകള്‍, വീടുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ആവശ്യകതയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് വിപണിയെ സജീവമാക്കും. ഗുഡ്സ് ആന്‍ഡ്‌ സര്‍വ്വീസസ് ടാക്സ് (ജി.എസ്.ടി)-യും കൂടി ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നതോടെ, അഭ്യന്തര വിപണിയിലുണ്ടാകുന്ന ഈ ഉണര്‍വ്വിലൂടെ അധികശമ്പളം നല്‍കുന്നതിലൂടെ ഗവണ്മെന്‍റിന്‍റെ പക്കല്‍ നിന്നും പുറത്തു പോകുന്ന പണത്തിന്‍റെ നല്ലൊരു പങ്കും നികുതിയിനത്തിലെ വരുമാനത്തിന്‍റെ രൂപത്തില്‍ തിരികെ ഖജനാവില്‍ എത്തും.

അധികമായി ലഭിക്കുന്ന പണം ചിലവഴിക്കാന്‍ താത്പര്യമില്ലാത്തവര്‍, ആ തുക ബാങ്കുകളിലും, വിവിധ നിക്ഷേപപദ്ധതികളിലും ഇട്ട് കരുതിവയ്ക്കലിനാണ് ശ്രമിക്കുന്നതെങ്കിലും, ഈ സേവിംഗ്സുകളും രാജ്യത്തിന്‍റെ വികസനാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കപ്പെടുക. പണപ്പെരുപ്പത്തിന്‍റേതായ ചെറിയൊരു സമ്മര്‍ദ്ദവും ഇതിലൂടെ നിലവില്‍ വരുന്നുണ്ട്. പക്ഷേ, ബ്രെക്സിറ്റും കൂടി സംഭവിച്ചതോടെ വരും മാസങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതിയിലും ഗണ്യമായ കുറവുകള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍, ഗവണ്മെന്‍റിന്‍റെ ഈ നടപടിയിലൂടെ അഭ്യന്തരവിപണിക്ക് അത്യന്താപേക്ഷിതമായിരുന്ന ഒരു ഉണര്‍ത്തുവിളിയാണ് ലഭിച്ചിരിക്കുന്നത്.

കേന്ദ്രഗവണ്മെന്‍റ് ജീവനക്കാര്‍ക്ക് മാത്രമാകില്ല ഈ നടപടിയുടെ ഗുണഫലങ്ങള്‍ ലഭിക്കുക. വിവിധ സംസ്ഥാനങ്ങളും തങ്ങളുടെ ഉദ്യോഗസ്ഥരുടെ ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിക്കാനുള്ള സമയമായി എന്ന് മനസ്സിലാക്കുന്നത് കേന്ദ്രത്തില്‍ ഇത്തരം നടപടികള്‍ ഉണ്ടാകുമ്പോഴാണ്. അതായത് കേന്ദ്ര ശമ്പളക്കമ്മീഷനെ പിന്തുടര്‍ന്നാണ് പല സംസ്ഥാനങ്ങളിലും ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കപ്പെടുക. അങ്ങനെവരുമ്പോള്‍ വിപണിയില്‍ സംഭവിക്കാന്‍ പോകുന്ന ഉപഭോക്തൃ ഇടപെടലുകള്‍ ഇപ്പോള്‍ കണക്കുകൂട്ടിയിരിക്കുന്നതിനേക്കാളും വര്‍ദ്ധിക്കാന്‍ മാത്രമേ സാദ്ധ്യതകളുള്ളൂ. ഇന്ത്യയില്‍ മൊത്തത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്‍റ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവുകള്‍ നടപ്പിലായിക്കഴിഞ്ഞാല്‍ 45,000-കോടി രൂപയുടെ അധികക്രയവിക്രയങ്ങളാണ് ഉപഭോക്തൃ വിപണിയില്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മൊത്തഅഭ്യന്തര വരുമാനത്തിന്‍റെ (ജി.ഡി.പി) 0.3 ശതമാനം വരുമിത്‌.

വരുമാന വര്‍ദ്ധനവിന്‍റെ ഫലമായി ബാങ്ക് സേവിംഗ്സുകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ദ്ധനവിന്‍റെ പ്രതീക്ഷിക്കുന്ന അധികമൂല്യം 30,000-കോടി രൂപയാണ്. അതായത് ജി.ഡി.പിയുടെ 0.2 ശതമാനം. സേവിംഗ്സുകളില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ നടപ്പാക്കലിന്‍റെ ഗതിവേഗം കൂട്ടനാകും ഉപകാരപ്പെടുക.

പണപ്പെരുപ്പം ഇപ്പോള്‍ നിയന്ത്രണവിധേയമാണെങ്കിലും, ഇത്രയുമധികം പണം വിപണിയിലേക്കൊഴുകിയെത്തുന്നതോടെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കിയേക്കാം. പക്ഷേ ഫാക്ടറികളുടെ ഉയര്‍ന്ന ഉത്പാദനശേഷിയും, ഗവണ്മെന്‍റിന്‍റെ നയപരമായ ഇടപെടലുകളും ഈ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന അവസ്ഥയെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളതാണെന്ന് കരുതപ്പെടുന്നു.

അഭ്യന്തര വിപണിയിലുണ്ടാകുന്ന ഉണര്‍വ്വും, വര്‍ദ്ധിച്ച നികുതിവരുമാനവും, വികസനപദ്ധതികളുടെ ഗതിവേഗം കൂട്ടാന്‍ ഉതകുമാറ് ഗവണ്മെന്‍റ്-ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ നിക്ഷേപപദ്ധതികളിലൂടെയുള്ള സേവിംഗ്സില്‍ ഉണ്ടാകുന്ന വര്‍ദ്ധനവുമാണ് ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോള്‍ ഗവണ്മെന്‍റിനെ സംബന്ധിച്ച് സംഭവിക്കാന്‍ പോകുന്ന അനുകൂല ഘടകങ്ങള്‍. ഈ അനുകൂല ഘടകങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി രാജ്യത്തിന്‍റെ വികസനഗാഥ കൂടുതല്‍ അര്‍ത്ഥവത്തുള്ളതാക്കാന്‍ ഗവണ്മെന്‍റിന് കഴിയട്ടെ എന്ന് ആശംസിക്കാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button