ദിവസം ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്യാത്ത എക്സൈസ് റേഞ്ചുകള്‍ പിടിക്കാന്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തൊട്ടാകെ ദിവസം ഒന്നോ രണ്ടോ കേസാണു രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിനാല്‍ ഓരോ റേഞ്ചിലും ദിവസവും കഞ്ചാവ്, ലഹരി മരുന്ന്, വാറ്റ്, ചാരായം, സ്പിരിറ്റ് കടത്തല്‍, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം തുടങ്ങിയവ സംബന്ധിച്ചു ദിവസം ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്നാണു നിര്‍ദ്ദേശം. കൂടാതെ ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളില്‍ ഇടയ്ക്കിടെ മിന്നല്‍ പരിശോധന നടത്താനും നിര്‍ദേശിച്ചിരുന്നു.
അമരവിള ചെക്ക്പോസ്റ്റില്‍ എക്സൈസ് കമ്മിഷണര്‍ നടത്തിയ പരിശോധനയില്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു തുള്ളി ചാരായം പോലും പിടിച്ചെടുത്തിട്ടില്ലെന്ന് കണ്ടു. ഇത് ഒത്തുകളിയാണെന്നാണ് കമ്മീഷണറുടെ നിലപാട്. ഇതുവഴി വന്‍തോതില്‍ മദ്യം കടന്നു പോകുന്നുണ്ടെന്നും ഋഷിരാജ് കണക്ക് കൂട്ടുന്നു. മിന്നല്‍ പരിശോധനകളിലൂടെ എല്ലാം ശരിയാക്കുമെന്നാണ് കമ്മീഷണര്‍ നല്‍കുന്ന മുന്നറിയിപ്പ്. റേഞ്ചുകളുടെ പരിധിയില്‍ ഏതെങ്കിലും മദ്യശാല ലൈസന്‍സ് ലംഘിച്ചു പ്രവര്‍ത്തിച്ചാലും റേഞ്ച് പരിധിയിലെ ഉദ്യോഗസ്ഥര്‍ക്കു നേരെ നടപടിയുണ്ടാകും. സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളുമായാണ് സിങ്ങിന്റെ വരവ്.
എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ എക്സൈസ് കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശവും അതിനു സമയപരിധിയും നല്‍കിയിരുന്നു. ഇത് അവസാനിച്ചതിനെ തുടര്‍ന്നാണു കാര്യങ്ങള്‍ നേരിട്ടു പരിശോധിക്കാന്‍ അദ്ദേഹം ഇറങ്ങുന്നത്. എക്സൈസ് ഐബിയിലെ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഇക്കാര്യത്തിലുള്ള പ്രവര്‍ത്തനവും എക്സൈസ് കമ്മിഷണര്‍ നിരീക്ഷിക്കും. എക്സൈസിന്റെ കഴിഞ്ഞ വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചതില്‍ എന്‍ഫോഴ്സ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മോശപ്പെട്ട നിലയിലാണെന്നു ബോധ്യപ്പെട്ടതോടെയാണു കാര്യങ്ങള്‍ ശരിയാക്കാന്‍ അദ്ദേഹം നേരിട്ടെത്തുന്നത്. എക്സൈസിലെ എല്ലാ ഓഫിസര്‍മാരും 10 ദിവസം കൂടുമ്പോള്‍ ഒരിക്കലെങ്കിലും തങ്ങളുടെ പരിധിയിലുള്ള ചെക്ക്പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments