ചെന്നൈ: ഫെയ്‌സ്ബുക്കില്‍ മോര്‍ഫ് ചെയ്ത് നഗ്‌നഫോട്ടോകള്‍ പ്രചരിക്കപ്പെട്ടതില്‍ മനംനൊന്ത് സേലം സ്വദേശി അനുപ്രിയ(21) ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാജഫോട്ടോ പോസ്റ്റ് ചെയ്തയാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശി സുരേഷാണ് അറസ്റ്റിലായത്. പ്രണയാഭ്യര്‍ഥന നിരസിച്ചപ്പോഴുണ്ടായ വൈരാഗ്യം മൂലമാണ് പെണ്‍കുട്ടിയുടെ വ്യാജഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് ഇയാള്‍ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.
സ്വകാര്യ ഫാക്ടറിയില്‍ ജോലിക്കാരനാണ് ഇയാള്‍. ഈ മാസം 23 നാണ് ഇയാള്‍ അനുപ്രിയയുടെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തത്. അന്നുതന്നെ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിക്ക് സംശയമുള്ള മറ്റൊരാളുടെ പേര് പരാതിയില്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പൊലീസ് വെറുതെ വിടുകയായിരുന്നു.
ഞായറാഴ്ച അനുപ്രിയയുടെ മറ്റൊരു നഗ്‌നഫോട്ടോ പ്രതി വീണ്ടും ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചു. ഇത്തവണ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണ്‍നമ്പര്‍ സഹിതമാണ് ഫോട്ടോ അപ്്‌ലോഡ് ചെയ്തത്. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്. മാതാപിതാക്കള്‍ പോലും തന്നെ വിശ്വസിക്കുന്നില്ലെന്നും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് താന്‍ ഒരിക്കലും അത്തരത്തിലുള്ള ഫോട്ടോകള്‍ അയച്ചുകൊടുത്തിട്ടില്ലെന്നും അനുപ്രിയ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. അമ്മയും അച്ഛനും പോലും വിശ്വസിക്കുന്നില്ലായെങ്കില്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത് എന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
അനുപ്രിയയുടെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് പ്രതി സുരേഷിന്റെ വീട്. പെണ്‍കുട്ടിയെ അപമാനിക്കാനായാണ് താന്‍ ഇത്തരത്തില്‍ ചെയ്തത് എന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്ന പൊലീസിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.
Post Your Comments