ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് (ഐജിഐ) എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ തന്നെ യാത്രക്കാരുടെ ബാഗുകളില്‍ നിന്ന്‍ സ്വര്‍ണ്ണം മോഷ്ടിക്കുന്ന വീഡിയോ ദൃശങ്ങള്‍ പുറത്തുവന്നു. എയര്‍ ഇന്ത്യ-സാറ്റ്സിന്‍റെ കീഴിലുള്ള ഈ രണ്ട് ഗ്രൗണ്ട് സ്റ്റാഫുകളേയും തുടര്‍ന്ന്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
അമിത് കുമാര്‍, രോഹിത് കുമാര്‍ എന്നീ ഗ്രൗണ്ട് സ്റ്റാഫുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിലൊരാള്‍ ദേശീയതലത്തില്‍ 50-ലേറെ മെഡലുകള്‍ സ്വന്തമായുള്ള കായികതാരമാണ്. എയര്‍പ്ലെയ്നിന്‍റെ കാര്‍ഗോ യൂണിറ്റിലേക്ക് ബാഗേജുകള്‍ ലോഡ് ചെയ്യുമ്പോഴും അണ്‍ലോഡ് ചെയ്യുമ്പോഴുമായിരുന്നു ഇവര്‍ മോഷണം നടത്തിയിരുന്നത്.
ഈ മാസമാദ്യം ദുബായില്‍ നിന്ന്‍ ഡല്‍ഹിയിലേക്കുള്ള ഫ്ലൈറ്റില്‍ വന്ന ഒരു യാത്രക്കാരി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നശേഷം തന്‍റെ ബാഗിലെ സ്വര്‍ണ്ണം മോഷണം പോയി എന്ന് പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച ഡല്‍ഹി പോലീസ്, എയര്‍പോര്‍ട്ടിലെ ചെക്കിംഗ് ഏരിയയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും യാതൊരുവിധ തെളിവുകളും ലഭിച്ചില്ല. തുടര്‍ന്നാണ് എയര്‍ക്രാഫ്റ്റിന്‍റെ ലഗേജ് ബെല്ലിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചത്.
അപ്പോഴാണ്, തങ്ങളുടെ മോഷണപ്രവര്‍ത്തി റെക്കോര്‍ഡ് ചെയ്യപ്പെടുന്നു എന്ന ബോധമില്ലാതെ അമിത് കുമാറും, രോഹിത് കുമാറും യാത്രക്കാരുടെ ബാഗുകള്‍ തുറന്ന് പരിശോധിക്കുന്നതും മോഷ്ടിക്കുന്നതുമായ ദൃശ്യങ്ങള്‍ പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഒരു ദൃശ്യത്തില്‍, ഇവരിലൊരാള്‍ കട്ടര്‍ ഉപയോഗിച്ച് ഒരു ബാഗ് കട്ട് ചെയ്ത് തുറക്കുന്നതും സ്വര്‍ണ്ണം മോഷ്ടിക്കുന്നതും കാണാം.
ചോദ്യം ചെയ്യലില്‍, ആദ്യമായല്ല യാത്രക്കാരുടെ ബാഗുകളില്‍ നിന്ന് തങ്ങള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നതെന്ന് ഇരുവരും കുറ്റസമ്മതവും നടത്തി. ഇവരില്‍ നിന്ന്‍ മോഷണമുതല്‍ വാങ്ങിച്ചിരുന്ന ആളെക്കൂടി കുടുക്കാനുള്ള ശ്രമത്തിലാണ് ഡല്‍ഹി പോലീസ് ഇപ്പോള്‍.
Post Your Comments