കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ തെളിവെടുപ്പിനായി ജിഷയുടെ വീട്ടിലെത്തിച്ചു. രാവിലെ 6.25-ഓടെ വന്‍ പൊലീസ് സംഘത്തിന്‍റെ അകമ്പടിയോടെയാണ് പ്രതിയെ ജിഷയുടെ വീടിന് മുന്നിലെത്തിച്ചത്. കറുത്ത തുണികൊണ്ട് മുഖവും തലയും മറച്ചാണ് അമീറിനെ കൊണ്ടുവന്നത്.
ജനം തടിച്ചുകൂടി പ്രതിക്ക് നേരെ ആക്രമണം ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് അതിരാവിലെ തന്നെ ആലുവ പൊലീസ് ക്ലബ്ബില്‍ നിന്ന് അമിറുളിനെ ജിഷയുടെ വീട്ടിലെത്തിച്ചത്. ഈ സമയത്ത് അയല്‍ക്കാര്‍ അടക്കമുള്ള ഏതാനും പേര്‍ മാത്രമേ പരിസരത്തുണ്ടായിരുന്നുള്ളൂ. കേസ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്.
വീടിന് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിയ ശേഷം പൊലീസ് സംഘം അമീറില്‍ നിന്ന് കൊലപാതകം നടത്തിയ ദിവസം വീട്ടിലേക്ക് വന്നതെങ്ങനെ തുടങ്ങിയ എത്തിയ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് സീല്‍ ചെയ്തിരുന്ന വീട് തുറന്ന് പ്രതിയെ വീടിനകത്തേക്ക് കൊണ്ടുപോയി. വീടിനുള്ളില്‍ പത്തു മിനിറ്റോളം തെളിവെടുത്ത ശേഷം പിന്‍വാതിലിലൂടെ പുറത്തിറക്കി വീടിന് സമീപത്തെ കനാല്‍ പരിസരത്തേക്കും കൊണ്ടുപോയി. 20 മിനിറ്റോളം വീടിന് സമീപത്ത് തെളിവെടുത്ത ശേഷം അമീറിനെ വീണ്ടും പൊലീസ് ജീപ്പില്‍ കയറ്റി.
പ്രതി താമസിച്ചിരുന്ന പെരുമ്പാവൂര്‍ വൈദ്യശാലപ്പടിയിലെ ലോഡ്ജിലും മറ്റ് സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചന. അമീറിന്‍റെ പൊലീസ് കസ്റ്റഡി മറ്റെന്നാള്‍ അവസാനിക്കുമെന്നതിനാല്‍ അതിനു മുന്പ് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
Post Your Comments