ന്യൂഡല്‍ഹി ● റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ രംഗത്തെത്തിയ ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമിയ്ക്ക്ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാമിയുടെ നടപടി അനുചിതാമാണെന്ന് വിമര്‍ശിച്ച മോദി ജനശ്രദ്ധയ്ക്കുവേണ്ടിയുള്ള പൊടിക്കൈകള്‍ രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും വ്യക്തമാക്കി. രഘുറാം രാജന്റെ രാജ്യസ്നേഹത്തിന് കുറവൊന്നുമില്ലെന്നും പ്രധാനമന്ത്രി ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ആരും പാര്‍ട്ടിക്ക് അതീതരല്ലെന്നും അതിര്‍വരമ്പുകള്‍ ലംഘിക്കരുതെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്കി. കാര്യങ്ങള്‍ പറയുമ്പോള്‍ ഉത്തരവാദിത്തം കാണിക്കണം. ആര്‍ക്കെങ്കിലും അവര്‍ ഈ വ്യവസ്ഥിതിക്ക് മുകളിലാണെന്ന് തോന്നിയാല്‍ അത് തെറ്റാണെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.
രാജനെ താന്‍ പ്രശംസിച്ചിട്ടുണ്ട്. രാജനുമായുള്ള തന്റെ അനുഭവം വളരെ നല്ലതാണ്. അദ്ദേഹം രാജ്യസ്നേഹിയാണ്. എവിടെയാണെങ്കിലും രാജന് ഇന്ത്യയ്ക്കായി ജോലി ചെയ്യും. അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുമെന്നും മോദി വ്യക്തമാക്കി.
കാലാവധി കഴിയുന്ന രഘുറാം രാജനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വാമി രംഗത്തെത്തിയിരുന്നു. രാജന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും രാജന്റെ മാനസികാവസ്ഥ പൂര്‍ണമായും ഇന്ത്യക്കാരന്റേതല്ലെന്നും സ്വാമി ആരോപിച്ചിരുന്നു.
Post Your Comments