ഫേസ്ബുക്കില്‍ ഓര്‍മയ്ക്കായി പഴയ ചിത്രങ്ങളൊക്കെ സൂക്ഷിച്ചുവച്ചിരിക്കുന്നവര്‍ അതിന്റെയെല്ലാം പ്രൈവസി സെറ്റിംഗ്‌സ് മാറ്റി സുരക്ഷിതമാക്കുന്ന തിരക്കിലാണ്. സുരക്ഷിതമാക്കുന്നതിനേക്കാള്‍ ട്രോളിംഗ് ഒഴിവാക്കുകയാണു പലരുടെയും ലക്ഷ്യം. കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുത്തിപ്പൊക്കല്‍ തരംഗം തുടങ്ങിയതോടെയാണിത്. പഴയ ചിത്രങ്ങള്‍ പൊങ്ങിവന്നു മാനം പോകാതിരിക്കാന്‍ പലരും അഹോരാത്ര ശ്രമത്തിലാണ്.
വര്‍ഷങ്ങള്‍ പഴക്കമുള്ള പലരുടെയും ചിത്രങ്ങള്‍ വീണ്ടും ടൈംലൈനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ കൂടുതല്‍ പേര്‍ കുത്തിപ്പൊക്കല്‍ ട്രെന്‍ഡിന്റെ ഭാഗമായി. ഇന്നലെയും ഇന്നുമായി നിരവധി മലയാളികളുടെ ചിത്രങ്ങളാണ് കുത്തിപ്പൊക്കലിന്റെ ഫലമായി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പലരും പ്രതീക്ഷിക്കാതെ പഴയ ചിത്രങ്ങള്‍ പൊങ്ങിവരുന്നതുകണ്ട് നെഞ്ചത്തു കൈവച്ചിരിക്കുകയാണ്.
പഴയ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്താല്‍ അവ ടൈംലൈനില്‍ വീണ്ടും പ്രത്യക്ഷപ്പെടും. പലരും മറന്നു കഴിഞ്ഞ ചിത്രങ്ങളായിരിക്കും ഇങ്ങനെ പൊങ്ങിവരിക. ഒരു തമാശ എന്നതിനപ്പുറം പലരും പരിഹാസത്തോടെയും കളിയാക്കലോടെയുമാണ് ചിത്രങ്ങള്‍ കുത്തിപ്പൊക്കുന്നത്. ഒരാള്‍ കുത്തിപ്പൊക്കലിന് ഇരയായാല്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ കുത്തിപ്പൊക്കാന്‍ അവരും ഇറങ്ങിത്തിരിച്ചതോടെ ഇന്നലെയും ഇന്നുമായി ഫേസ്ബുക്ക് കുത്തിപ്പൊക്കലുകാരുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്.
പലരും തങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലാക്കിയാണ് സൂക്ഷിക്കുന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ കാണാനും അവസരം നല്‍കാറുണ്ട്. ഈ സൗകര്യം മുതലെടുത്താണ് പല കുത്തിപ്പൊക്കലുകാരും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ആല്‍ബങ്ങളില്‍ തിരഞ്ഞ് ചിത്രങ്ങള്‍ തെരഞ്ഞു കുത്തിപ്പൊക്കുന്നത്. ചിത്രങ്ങളുടെ പ്രൈവസി സെറ്റിംഗ്‌സ് മാറ്റുകയാണ് കുത്തിപ്പൊക്കലുകാരില്‍നിന്നു രക്ഷപ്പെടാനുള്ള പോംവഴി. ചിത്രങ്ങള്‍ ആര്‍ക്കൊക്കെ കാണാം എന്ന ഓപ്ഷന്‍ ഓണ്‍ലി മീ ആക്കുകയാണ് പോംവഴി.
Post Your Comments