ഒടുവില്‍ ചൈനയുടെ ശ്രമഫലമായി ആണവദാതാക്കളുടെ കൂട്ടായ്മയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ മോഹം സഫലമാകാതെ പോയി. ഇതുമാത്രമല്ല, കാലങ്ങളായി ഇന്ത്യയുടെ ഇത്തരം ശ്രമങ്ങള്‍ക്ക് ചൈന തുരങ്കം വച്ചുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ അംഗമാകാനുള്ള കാലങ്ങളായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കും പ്രധാന വിലങ്ങുതടി ചൈനയാണ്. ഐക്യരാഷ്ട്രസഭയുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് അന്താരാഷ്‌ട്ര പ്രശ്നങ്ങളില്‍ ഇടപെടത്തക്ക വണ്ണം ശക്തിയുള്ള ഒരു രാജ്യം എന്ന പദവി ഇന്ത്യയ്ക്ക് ലഭിക്കുന്നത് ചൈനയെ സംബന്ധിച്ച് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇത്തരം കാര്യങ്ങളില്‍, അയല്‍വക്കത്തുള്ള അസൂയമുഴുത്ത ഒരു ചേട്ടത്തിയുടെ മനോഭാവമാണ് ചൈനയ്ക്ക്.
പാകിസ്ഥാന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങല്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ അധികാരമുള്ള ഒരു സമിതി ഐക്യരാഷ്ട്രസഭയ്ക്കുണ്ട്. നിരവധി തവണ ആവശ്യമായ തെളിവുകള്‍ നിരത്തിയിട്ടും പാകിസ്ഥാനെതിരേയോ, പാകിസ്ഥാനില്‍ വേരുറപ്പിച്ചിരിക്കുന്ന ലഷ്കര്‍-ഇ-തോയ്ബ പോലത്തെ തീവ്രവാദസംഘടനകള്‍ക്കെതിരേയോ ഈ ശിക്ഷാധികാര സമിതിയെക്കൊണ്ട് നടപടികള്‍ സ്വീകരിപ്പിക്കാന്‍ ഇന്ത്യയ്ക്കാവുന്നില്ല. നരേന്ദ്രമോദി ഗവണ്മെന്‍റ് അധികാരത്തില്‍ വരുന്നതിനു മുമ്പേതന്നെ അതങ്ങനെയാണ്. തങ്ങള്‍ക്കുള്ള “രഹസ്യ വീറ്റോ” അധികാരം ഉപയോഗിച്ച് ചൈന എന്ന ചേട്ടത്തിയാണ് തന്‍റെ ഇഷ്ടകൂട്ടുകാരിയായ പാകിസ്ഥാനെ രക്ഷിച്ചു കൊണ്ടിരുന്നത്, രക്ഷിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ത്യ ചൈനയെക്കാളും ശക്തരാകുന്നത് തടയേണ്ടത് ചൈനയുടെ തന്നെ ആവശ്യമാണ്. മുമ്പു പലപ്പോഴും ചൈനയെ മറികടന്ന് അന്താരാഷ്‌ട്ര കൂട്ടായ്മകളുടെ കേന്ദ്രാധികാരത്തിന്‍റെ ഭാഗമാകാനുള്ള അവസരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നതാണ്. പക്ഷേ ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടെയുള്ള നേതാക്കന്മാരുടെ നയതന്ത്ര പരാജയവും, ദീര്‍ഘവീക്ഷണമില്ലായ്മയും കാരണം ആ അവസരങ്ങള്‍ എല്ലാം വഴിമാറിപ്പോയി. അതിലും ദുഃഖകരമായ കാര്യം, ആ അവസരങ്ങള്‍, ഇന്ത്യയില്‍ അന്നുണ്ടായിരുന്ന കഴിവുകെട്ട രാഷ്ട്രീയ നേതൃത്വത്തിന്‍റെ ശ്രമഫലമായി ചൈനയ്ക്ക് ചെന്നുചേരുകയും, അവരത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു എന്നതാണ്. ഇന്നിപ്പോള്‍ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടും നരേന്ദ്രമോദിയെപ്പോലെ ഒരു നേതാവിന് ആണവദാതാക്കളുടെ കൂട്ടായ്മയിലെ ഇന്ത്യന്‍ അംഗത്വം എന്ന സുപ്രധാന ചുവടുവയ്പ്പ് എങ്ങുമെത്താതെ പോകുന്നത് കാണേണ്ടി വരുന്നത് ഭൂതകാലത്തെ ഈ മണ്ടത്തരങ്ങളുടെ ഫലമായാണ്.
നേരത്തെ പറഞ്ഞതുപോലെ തന്നെ ഇന്ത്യ തങ്ങളേക്കാളും ശക്തരും, അന്താരാഷ്‌ട്രതലത്തില്‍ കൂടുതല്‍ അധികാരമുള്ളവരും ആകുന്നത് തടയേണ്ടത് ചൈനയുടെ ആവശ്യമാണ്. ആവരത് ഇനിയും ചെയ്തുകൊണ്ടേയിരിക്കും. ഇന്നല്ലങ്കില്‍, നാളെ; നരേന്ദ്രമോദി അല്ലെങ്കില്‍ മറ്റൊരു നേതാവ്, ഈ ചൈനീസ് തടസ്സങ്ങളെയൊക്കെ മറികടക്കുക തന്നെ ചെയ്യും. പക്ഷേ, ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യ പരാജയപ്പെട്ടു പോകുന്നത് അന്തരാഷ്ട്ര തലത്തില്‍ രാജ്യത്തിന് നേരിട്ട ഈ തിരിച്ചടി കേവലം രാഷ്ട്രീയവിരോധത്തിന്‍റെ പേരില്‍ സ്വന്തം പൗരന്മാര്‍ തന്നെ ആഘോഷിക്കുമ്പോഴാണ്. നരേന്ദ്രമോദി എന്ന വ്യക്തി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നുകൊണ്ടാണ് ആണവക്ലബ്ബിലെ അംഗത്വത്തിനു വേണ്ടി ശ്രമിച്ചത്. അംഗത്വം ലഭിച്ചിരുന്നെങ്കില്‍ രാജ്യത്തിന് ഉണ്ടാകുമായിരുന്ന നേട്ടങ്ങള്‍ മോദിയുടെ കുടുംബക്കാര്‍ക്കോ, ബിജെപി പ്രവര്‍ത്തകര്‍ക്കോ, മാത്രം ലഭിക്കുന്നവയായിരുന്നില്ല. മറിച്ച്, മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ഉപകാരപ്പെടാന്‍ വേണ്ടിയാണ് അദ്ദേഹം ഈ ശ്രമം നടത്തിയത്.
ഇപ്പോള്‍, അംഗത്വം ലഭിക്കാതെ പോയത് മോദിയുടെ പരാജയമായിക്കണ്ട് ആഘോഷിക്കുകയാണ് ചിലര്‍. കമ്മ്യൂണിസ്റ്റ് ചൈനയോട് പ്രതിപത്തിയുള്ള ചില കൂട്ടര്‍ ഇത്തരം ആഘോഷങ്ങളില്‍ അല്‍പം മുമ്പിലാണ് താനും. ചൈന ഇടപെട്ട് ഇന്ത്യ പരാജയപ്പെട്ടതാണ് അവരുടെ സന്തോഷത്തിന് കാരണം. കുറച്ചുനാള്‍ മുമ്പു വരെ ഇവര്‍ തന്നെ അസഹിഷ്ണുത ആരോപിച്ചിരുന്ന ഒരു സംവിധാനത്തില്‍ നില്‍ക്കുന്നവരായതു കൊണ്ട് രാഷ്ട്രീയവിരോധം മനസ്സില്‍ വച്ച് ഇവര്‍ക്ക് രാജ്യത്തിന് സംഭവിച്ച പരാജയം ആഘോഷിക്കാം. ഇതേ അവസ്ഥ നേരേ തിരിച്ചായിരുന്നെങ്കില്‍ – ഇന്ത്യ ഇടപെട്ട് ചൈനയായിരുന്നു ഇത്തരമൊരു തിരിച്ചടിക്ക് പാത്രമായിരുന്നതെങ്കില്‍ – രാഷ്ട്രീയവിരോധത്തിന്‍റെ പേരില്‍ രാജ്യത്തിന് സംഭവിച്ച പരാജയം വിചാരണപോലും കൂടാതെ ജയിലില്‍ക്കിടന്ന് ആഘോഷിക്കാമായിരുന്നു, ഭരണകക്ഷിയെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും.
ഇപ്പോള്‍ സംഭവിച്ച ഈ പരാജയം സ്ഥിരമായി ഉള്ള ഒന്നല്ല. ആണവക്ലബ്ബില്‍ അംഗമാകാനുള്ള ശ്രമങ്ങള്‍ ഇന്ത്യയ്ക്ക് ഇനിയും തുടരാം. ഒന്നരമാസം മുമ്പു മാത്രമാണ് ഇന്ത്യ ഇപ്പോള്‍ നടത്തിയ ശ്രമങ്ങള്‍ ആരംഭിച്ചത്. കൂടുതല്‍ ഗൃഹപാഠത്തോടെ, തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ശ്രമിച്ചാല്‍ വിജയിക്കും എന്ന കാര്യം തീര്‍ച്ചയാണ്. പക്ഷേ, സ്വന്തം രാജ്യത്തിന്‍റെ പരാജയം ആഘോഷിക്കുന്നവര്‍ ഉള്ളപ്പോള്‍ ഇത്തരം വിജയങ്ങള്‍ നേടാന്‍ സാധിച്ചാലും, അന്തിമവിശകലനത്തില്‍, ഇന്ത്യയെസംബന്ധിച്ച്, പാരാജയം തന്നെയല്ലേ ഫലം?
Post Your Comments