തിരുവനന്തപുരം● നാടകാചാര്യന് കാവാലം നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി വാര്‍ധക്യ സഹചമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നഗരത്തിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഐ.സി.യുവിന്റേയോ വെന്റിലേറ്ററിന്റെയോ സഹായത്തോടെ തന്റെ ജീവന് നിലനിര്‍ത്താന്‍ ശ്രമിക്കരുതെന്ന് കാവാലം ആവശ്യപ്പെടുകയായിരുന്നു.
1928 ഏപ്രില്‍ 28 ന് ആലപ്പുഴ കുട്ടനാട്ടില്‍ കാവാലത്ത് ചാലയില്‍ കുടുംബത്ത് ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുടേയും മകനായാണ് കാവാലം ജനിച്ചത്. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട് വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്പരനായിരുന്നു.
മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനാണ് കാവാലം നാരായണപണിക്കർ. നാടകകൃത്ത്, കവി, സംവിധായകൻ, സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു
ഭാര്യ ശാരദാമണി.പരേതനായ കാവാലം ഹരികൃഷ്ണൻ,പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ.
Post Your Comments