KeralaNews

ഭരണരംഗത്ത് പുനഃക്രമീകരണം വേണം , കൈക്കൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യണം : മുഖ്യമന്ത്രി

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം അവരെ ഉപദേശിക്കണം. പിന്നെയും ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുത്. തിരുവനന്തപുരത്ത് എന്‍ജിഒ യൂണിയന്‍ നടത്തിയ ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൈമടക്ക് നല്‍കിയാല്‍ മാത്രം ഫയലുകള്‍ നോക്കുന്ന രീതി മാറണം. അഴിമതി രഹിത കാര്യക്ഷമമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യം കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും നടപ്പിലാക്കാനായില്ല. ഇതിനായി അഴിമതി മുക്തവും കാര്യക്ഷമവുമാക്കാന്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിക്കും. എല്ലാ സംഘടനകളെയും ഒരു മേശയ്ക്ക് ചുറ്റും ഇരുത്തി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. പത്താംശമ്പള കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവനാവകാശ നിയമപ്രകാരമുളള ആനുകൂല്യങ്ങള്‍ വകുപ്പിന് നല്‍കണം.ഫയല്‍നോട്ട സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ജീവനക്കാരെ വിശ്വാസത്തിലെടുത്തായിരിക്കും സര്‍ക്കാര്‍ മുന്നോട്ട് പോകുകയെന്നും പറഞ്ഞു.

സിവില്‍ സര്‍വീസിനെ നവീകരിക്കാന്‍ ഭരണപരിഷ്കരണം അനിവാര്യമാണ്. സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കാനാകണം. നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കുന്നത് ജനപക്ഷത്തുനിന്നുകൊണ്ടാകണം. ജനങ്ങള്‍ അര്‍ഹിക്കുന്ന ആനുകൂല്യങ്ങളും അവകാശപ്പെട്ട ആനുകൂല്യങ്ങളും സമയബന്ധിതമായി എങ്ങനെ നല്‍കാനാവും എന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്. ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എങ്ങനെ നിഷേധിക്കാമെന്നു ചിന്തിക്കരുത്. അത്തരത്തിലെ നിഷേധ കാഴ്ചപ്പാട് ഉപേക്ഷിക്കുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button