India

ആനക്കൂട്ടില്‍ ഒറ്റയാന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

കോയമ്പത്തൂര്‍ : ആനമല ടൈഗര്‍ റിസര്‍വിലുള്ള ആനക്കൂട്ടില്‍ ഒറ്റയാന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ആനക്കൂട്ടില്‍ ആവര്‍ത്തിച്ച് തല ഇടിച്ചതിനെത്തുടര്‍ന്ന് തലയോട്ടി തകര്‍ന്നാണ് ആന ചരിഞ്ഞതെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ വനംവകുപ്പ് അധികൃതരെ കുഴയ്ക്കുന്നത്. കോയമ്പത്തൂര്‍ വനമേഖലയ്ക്ക് സമീപത്തു നിന്ന് രണ്ട് ദിവസം മുന്‍പാണ് ഒറ്റയാനെ പിടികൂടിയത്. 


ഞായറാഴ്ച മുഴുവന്‍ ആന മയക്കത്തിലായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മയക്കം വിട്ടതോടെ ആക്രമണ സ്വഭാവം കാട്ടിയ ആന തുടര്‍ച്ചയായി തല കൂട്ടില്‍ ഇടിച്ചുവെന്നും ഒടുവില്‍ കുഴഞ്ഞു വീണുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. പിടികൂടിയപ്പോഴോ കൂട്ടിലേക്ക് മാറ്റിയപ്പോഴോ ഉണ്ടായ അപകടം മൂലമല്ല ആന ചരിഞ്ഞതെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനാല്‍ കൊമ്പനാന ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലാണ് ഇപ്പോഴെത്തുന്നത്.

അമിതമായി മയക്കുമരുന്ന് നല്‍കിയത് മൂലമാവാം ആന ചരിഞ്ഞതെന്ന വാദവും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. മയക്കുമരുന്ന് അമിതമായാല്‍ ആനകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, വളരെ കുറഞ്ഞ അളവില്‍ മാത്രമെ മയക്കുമരുന്ന് നല്‍കിയിട്ടുള്ളുവെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി തമിഴ് സെല്‍വന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നിര്‍വഹിച്ചത്. സംഭവം അറിഞ്ഞ് മുഖ്യ വനപാലകന്‍ ഐ അന്‍വാര്‍ദീന്‍ അടക്കമുള്ള മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അധികൃതര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button